ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്താൻ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി. രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. കോവിഡിനെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ എന്തിനും തയ്യാറായി. കേസുകള്‍ കുറഞ്ഞതിന് നിങ്ങള്‍ ഓരോരുത്തരും കാരണക്കാരായി. ഭക്ഷണത്തിനും യാത്രയ്ക്കുമൊക്കെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് സര്‍ക്കാരിന് അറിയാം. നിങ്ങളുടെ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നു. ഈ പിന്തുണയ്ക്ക് നന്ദി. കൂട്ടായ ഐക്യം ബി ആര്‍ അംബേദ്കറിനുള്ള ആദരാഞ്ജലിയാണെന്നും മോദി പറഞ്ഞു. രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കോവിഡ് വ്യാപനം തടയാന്‍ ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ അടച്ചിടല്‍ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടല്‍ തുടരുമെന്ന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. രാജ്യത്ത് ആകെ 10,363 കോവിഡ് ബോധിതരുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒരു ദിവസത്തിനിടെ പുതുതായി 1211 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1035 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നത് അതിവേഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി.