ഡൽഹി : ലോക്ക്ഡൗണിന്‍റെ ഭാഗമായി ട്രെയിൻ സർവീസുകൾ ഏപ്രിൽ 14വരെ നിര്‍ത്തിവെയ്ക്കും. ഗുഡ്സ് ട്രെയിനുകൾ ഒഴികെയുള്ള എല്ലാ ട്രെയിനുകൾക്കും ഇത് ബാധകമായിരിക്കും. രാജ്യത്തെ റോഡുകളില്‍ ടോളുകൾ പിരിക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കി. ഏപ്രിൽ 14ന് അർധരാത്രി വരെയാണ് ട്രെയിൻ സർവീസ് നിർത്തി വയ്ക്കുന്നത്. പാസഞ്ചർ, മെയിൽ, എക്സ്പ്രസ്, സബർബൻ ട്രെയിനുകൾ ഓടില്ല.
ചരക്ക് ഗതാഗതത്തിനായി ഗുഡ്സ് ട്രെയിനുകൾ മാത്രം സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ ടോളുകൾ ഒഴിവാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
അതേസമയം രാജ്യത്തെ പ്രമുഖ സ്വകാര്യ വ്യവസായശാലകൾ അടച്ചു തുടങ്ങി. ടാറ്റാ ഇൻഡസ്ട്രീസിന്‍റെ വിവിധ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഫ്ളിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ സ്ഥാപനങ്ങളും കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവച്ചിരുന്നു.