തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഓറഞ്ച് എ,ബി, ഗ്രീന്‍ വിഭാഗങ്ങളിലെ ജില്ലകളില്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച മാര്‍ഗരേഖ ചീഫ് സെക്രട്ടറി പുറത്തിറക്കി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെയാണ് ഓറഞ്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ വിഭാഗത്തില്‍. ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍വരും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട റെഡ് സോണില്‍ മേയ് 3ന് ശേഷമേ ഇളവുകള്‍ അനുവദിക്കൂ. വിമാനസര്‍വീസ്, ട്രെയിന്‍ സര്‍വീസ്, പൊതുഗതാഗതം, മെട്രോ, ജില്ല വിട്ടുള്ള യാത്രകള്‍, പൊതുയിടങ്ങളിലെ ഒത്തുചേരല്‍ തുടങ്ങി സംസ്ഥാനത്തിന് ഒട്ടാകെ ബാധകമായ നിയന്ത്രണങ്ങള്‍ മേയ് 3വരെ തുടരും.
റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ കെഎസ്‌ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാം. ബസില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടുപേര്‍ക്ക് സഞ്ചരിക്കാം. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരുട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. ജില്ലാ അതിര്‍ത്തി കടക്കാനും പാടില്ല. യാത്രക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കുകയും വേണം.