തിരുവനന്തപുരം : ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാർഗ നിര്‍ദേശം സർക്കാർ പുറത്തിറക്കി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമേ പുതിയ ഇളവുകള്‍ നല്‍കുകയുള്ളൂവെന്ന് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. ഇവിടെയും നിയന്ത്രണങ്ങളോടെ മാത്രം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരീക്ഷ നടത്തിപ്പിനായി തുറക്കാന്‍ ഗ്രീന്‍ സോണില്‍ അനുമതിയുണ്ട്. സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറന്നുപ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ പരമാവധി 50 ശതമാനം ജീവനക്കാരാകാം. ഒറ്റ നില മാത്രമുള്ള ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. അതേസമയം മാളുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല.
ഗ്രീൻ സോണുകളിലും പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടില്‍ കൂടുതല്‍ ആളുകളുടെ യാത്ര അനുവദിക്കില്ല. സിനിമാ തിയേറ്റര്‍, ആരാധാനാലയങ്ങള്‍ എന്നിവയിലെ നിയന്ത്രണങ്ങള്‍ തുടരും. പാര്‍ക്കുകള്‍, മദ്യശാലകള്‍ ജിംനേഷ്യം എന്നിവയും അനുവദിക്കില്ല.
ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ പാഴ്‌സല്‍ വില്‍പ്പനയും അനുവദിക്കില്ല. മദ്യശാലകളും തുറന്നുപ്രവര്‍ത്തിക്കില്ല. വിവാഹം , മരണം തുടങ്ങിയ ചടങ്ങുകളില്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസില്‍ താഴെയുള്ളവരും പുറത്തിറങ്ങരുത്.
ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ മാത്രം. അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഞായാറാഴ്ച എല്ലാ സോണുകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വീട്ടിലെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം. സ്വന്തം ചിലവില്‍ ഹോട്ടലുകളിലും താമസിക്കാം. ഇവിടേയും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.