പത്തനംതിട്ട : വലിയ പെരുന്നാളുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ഇളവുകളുടെ കാര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഇളവുകളുള്ള ഈ ദിവസങ്ങളില്‍ കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനും ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മതനേതാക്കളുമായും സമുദായ പ്രതിനിധികളുമായും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും എസ്എച്ച്ഒമാരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കച്ചവടക്കാരുടെ പ്രതിനിധികളുമായി സംസാരിച്ച് രോഗവ്യാപന സാധ്യത തടയാന്‍ വേണ്ട ജാഗ്രത നിലനിര്‍ത്തുന്നതിന് പോലീസ് ഇടപെടുന്നുണ്ട്. സി, ഡി വിഭാഗങ്ങളില്‍ പെടുന്ന സ്ഥലങ്ങളില്‍ പോലീസിന്റെ പ്രത്യേകശ്രദ്ധ ഉണ്ടാകും.
പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് അനൗണ്‍സ്‌മെന്റ് നടത്തും. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സേവനം ഉറപ്പാക്കും. ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, ബൈക്ക് പട്രോള്‍ എന്നിവയുടെ സാന്നിധ്യം നിരത്തുകളില്‍ പൂര്‍ണസമയം ഉറപ്പുവരുത്തും. എ, ബി വിഭാഗം പ്രദേശങ്ങളില്‍ ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യ വില്പന ശാലകളും ബാറുകളും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും പുനരാരംഭിച്ചു. വാഹനങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ക്കു പുറമെ ഒരുസമയം ഒരു പഠിതാവ് മാത്രമേ പാടുള്ളൂ.