പത്തനംതിട്ട : അതിവേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാവ്യാധിയുടെ വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങിയെങ്കില്‍ മാത്രമേ വിജയത്തിലെത്താന്‍ കഴിയു. അധികാരികളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അത്യാവശ്യം ഇല്ലാത്തവർ വീട്ടിനുള്ളിൽ തന്നെ കഴിയണം. പുറമെനിന്നുള്ള ആരെയും വീട്ടിലേക്ക് ഈ അവസരത്തില്‍ പ്രവേശിപ്പിക്കരുത്. അവരുമായി അടുത്തിടപെടാനും പാടില്ല. പല വീടുകളില്‍ വീട്ടുജോലി ചെയ്യുന്നവരെ തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്ത് പോകേണ്ടിവന്നാല്‍ സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയത്തിനു ശേഷം വീട്ടിലേക്ക് കയറുക. ഇതൊക്കെ നമുക്കുവേണ്ടിയും നമ്മുടെ സമൂഹത്തിനുവേണ്ടിയും നാം ചെയ്യേണ്ട കടമയാണ്.
ആളുകൾ കൂട്ടം കൂടരുതെന്നും രണ്ടുപേരിൽ കൂടുതൽ ഒരുമിച്ച് നിൽക്കരുതെന്നും ഉള്ള നിയമത്തിന് ലംഘനം വരാതെ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നത് അനുവദിക്കണം. നിയമ പാലനത്തിന്റെ പേരിൽ പോലീസുകാർ കൂട്ടം കൂടുകയും ആളുകളെ കൈകൊണ്ട് പിടിക്കുകയും, ആ കൈകൊണ്ട് വാഹനങ്ങളിൽ പിടിക്കുകയും, വാഹനത്തിന്‍റെ താക്കോല് പിടിച്ചുവാങ്ങുകയും ചെയ്യുമ്പോൾ കൊറോണ വൈറസ് വ്യാപനം ഉണ്ടാവില്ലേ? ലോക്ക് ഡൗണിന്റെ മറവിൽ പോലീസിന്റെ ക്രൂരത അല്പം അതിരുകടക്കുന്നില്ലേ എന്നൊരു സംശയം പൊതു സമൂഹത്തിന് ഇല്ലാതില്ല. കാര്യങ്ങൾ പറയുവാൻ പോലും സമ്മതിക്കാതെ അടിക്കുകയും, വണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എല്ലാം നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കിലും പോലീസിന്‍റെ നടപടികള്‍ പലപ്പോഴും അതിരുവിടുന്നു.
പാൽ,മരുന്ന്,പച്ചക്കറി, ഭക്ഷണസാധനങ്ങൾ ഇവ ദീർഘ കാലത്തേക്ക് കരുതിവയ്ക്കാൻ കഴിയുന്നവയല്ല. കരുതിവയ്ക്കാൻ സാധാരണക്കാരന് പണവുമില്ല. മാത്രമല്ല ആൻറിബയോട്ടിക് പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പഴവർഗങ്ങൾ അത്യാവശ്യവുമാണ്.
മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക് കടകൾ, ബേക്കറികൾ, പൊതുവിതരണ കേന്ദ്രങ്ങൾ എന്നിവ തുറക്കുവാൻ സർക്കാർ അനുവാദം നൽകിയിട്ടുമുണ്ട്. പക്ഷേ പോലീസ് പറയുന്നത് “നിരത്തിൽ ഇറങ്ങരുത് ” എന്നാണ്. പിന്നെങ്ങനെ തുറന്നിരിക്കുന്ന കടകളിൽ പോകും? അവശ്യ സാധനങ്ങൾ വാങ്ങും?. ഇതിന് വ്യക്തത വരുത്തുവാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണം. കൊറോണ വൈറസ് എന്ന മാരക രോഗത്തിനെതിരെ കേരള ജനത ഒന്നിച്ചാണ് പൊരുതുന്നത്. എന്നാല്‍ ചുരുക്കം ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നെങ്കിലും ജനങ്ങള്‍ക്ക് തിക്താനുഭവങ്ങള്‍ നേരിടുന്നുണ്ട്.