പത്തനംതിട്ട : ഗര്‍ഭിണികള്‍, ഒഴിവാക്കാന്‍ പറ്റാത്ത അടിയന്തിര ചികില്‍സ ആവശ്യമുള്ളവര്‍, അടുത്ത ബന്ധുക്കളുടെ മരണം, ഗുരുതരാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് മാത്രമാണ് ഇളവ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശന ഇളവ്.
ഗര്‍ഭിണികളുടെ യാത്ര
ഇതനുസരിച്ച് ഗര്‍ഭിണികള്‍ കേരളത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ അംഗീകൃത ഗൈനക്കോളജിസ്റ്റില്‍ നിന്നും പ്രസവം പ്രതീക്ഷിക്കുന്ന തീയതി, റോഡ് മാര്‍ഗം യാത്ര ചെയ്യാമെന്നുള്ള ഫിറ്റ്നസ്, തുടങ്ങി ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുമായി നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സഹയാത്രികരുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തി കേരളത്തിലേക്ക് യാത്രചെയ്യുന്നതിനുള്ള പാസ് വാങ്ങണം. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാം. ഗര്‍ഭിണിക്കൊപ്പം കൊച്ചു കുട്ടികള്‍ക്കും യാത്ര ചെയ്യാവുന്നതാണ്. കൂടാതെ ഇവര്‍ കേരളത്തില്‍ എത്തിച്ചേരേണ്ട ജില്ലയിലെ ജില്ലാ കളക്ടര്‍ക്ക് വാട്ട്സ് ആപ്പ് മുഖേനയോ, ഇ-മെയിലിലൂടെയോ അപേക്ഷയും നല്‍കണം. ജില്ലാകളക്ടര്‍ക്ക് ലഭിച്ച അപേക്ഷ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷകയ്ക്ക് ക്ലിയറന്‍സ് നല്‍കും. തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന മുറയ്ക്കാണ് വാഹനപാസ് ലഭ്യമാകുന്നത്.
സംസ്ഥാന അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വാഹനപാസും, ക്ലിയറന്‍സും പരിശോധിച്ചതിനു ശേഷം വാഹനം കടത്തിവിടും. അതിര്‍ത്തിയിലുള്ള പരിശോധനയില്‍ യാത്രക്കാര്‍ക്ക് കോവിഡ്-19 ലക്ഷണം കണ്ടെത്തിയാല്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീട്ടില്‍ എത്തിച്ചേരുന്ന മുറയ്ക്ക് അതതു മേഖലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.
അടിയന്തിര ചികില്‍സ ലഭിക്കേണ്ടവര്‍
കേരളത്തിലെ ആശുപത്രികളില്‍ അടിയന്തിര ചികില്‍സ ആവശ്യമുള്ളവര്‍ ഏതു ജില്ലയിലേക്കാണോ എത്തേണ്ടത് അവിടുത്തെ ജില്ലാകളക്ടര്‍ക്ക് രോഗസംബന്ധമായ വിവരങ്ങള്‍ അറിയിച്ച് അപേക്ഷ നല്‍കണം. ജില്ലാ കളക്ടര്‍മാര്‍ അപേക്ഷകള്‍ ധൃതഗതിയില്‍ പരിശോധിച്ച് വാസ്തവമാണെന്ന് ബോധ്യപ്പെട്ടാല്‍ യാത്രാനുമതി നല്‍കും. തുടര്‍ന്ന് നിലവില്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങിയ വാഹന പാസും, എത്തേണ്ട ജില്ലയിലെ കളക്ടര്‍ നല്‍കിയ യാത്രാനുമതിയും ഉപയോഗിച്ച് കേരളത്തില്‍ പ്രവേശിക്കാം. കേരളത്തിലെ ചികില്‍സ ഒഴിവാക്കാന്‍ പറ്റാത്തതും അടിയന്തിരവുമാണെങ്കില്‍ വാഹനത്തില്‍ ഡ്രൈവറും രോഗിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വാഹനത്തില്‍ യാത്ര ചെയ്യാം. കേരളത്തില്‍ എത്തിയാല്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. പതിവു ചികില്‍സകള്‍ ആവശ്യമുള്ളവര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു തന്നെ തുടരണം.
അടുത്ത ബന്ധുവിന്റെ മരണം അല്ലെങ്കില്‍ ആസന്ന മരണം
മരണത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയോ മരണാസന്നരായവരെ കാണുന്നതിനു വേണ്ടിയോ കേരളത്തില്‍ എത്തുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ അധികാരികളില്‍ നിന്നും വാങ്ങിയ പാസ് കരുതണം. കൂടാതെ മരിച്ചതോ, മരണാസന്നനായ ബന്ധുവിന്റെ വിശദാംശങ്ങളോ സംബന്ധിച്ച സാക്ഷ്യപത്രവും അതിര്‍ത്തിയില്‍ പരിശോധയ്ക്ക് ഹാജരാക്കണം. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാര്‍ ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച ചുമതല നല്‍കിയിട്ടുണ്ട്.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ആളുകള്‍ക്ക്, ആവശ്യമായ അടിയന്തിര ചികില്‍സ ഉള്‍പ്പെടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മാനുഷിക പരിഗണന നല്‍കി നിയന്ത്രണ ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രത്യേക ഇളവു നല്‍കുകയായിരുന്നു.