പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് 19 രോഗ നിയന്ത്രണത്തിന് പുതിയ മാര്‍ഗരേഖയായി. ഓറഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ നാളെ (25) മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഹോട്ട് സ്‌പോട്ടുകളിലും രോഗം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലും പൂര്‍ണ പ്രതിരോധം ഒരുക്കും. കോവിഡ് 19 മായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ആറു ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഗ്രാമപഞ്ചായത്തുകളായ ആറന്‍ന്മുള, അയിരൂര്‍, ചിറ്റാര്‍, വടശേരിക്കര, പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ 28-ാം വാര്‍ഡായ കൊടുന്തറ, അടൂര്‍ മുനിസിപ്പാലിറ്റിയിലെ 22-ാം വാര്‍ഡായ കണ്ണംകോട് എന്നീ സ്ഥലങ്ങളാണ് ജില്ലയില്‍ നിലവില്‍ ഹോട്ട് സ്‌പോട്ടായി കണക്കാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ മേയ് മൂന്നുവരെ ലോക് ഡൗണ്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. ഈ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവും.
ലോക്ക്ഡൗണ്‍ പൂര്‍ണമായി അവസാനിക്കുന്ന മേയ് മൂന്ന് വരെ ജില്ലയിലെ നിയന്ത്രണങ്ങള്‍
ആരോഗ്യ, വെറ്ററിനറി ജീവനക്കാര്‍, ശാസ്ത്രജ്ഞര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, ലാബ് ടെക്‌നീഷ്യന്‍മാര്‍, മിഡ്‌വൈഫ്‌സ്, ആശുപത്രി സേവന സംവിധാനങ്ങള്‍ എന്നിവയുടെ ഒഴികെയുള്ള വിമാനയാത്രകള്‍ അനുവദിക്കില്ല. സെക്യൂരിറ്റി ആവശ്യങ്ങള്‍ക്കല്ലാതെയുള്ള ട്രെയിന്‍ യാത്രകളും അനുവദിക്കില്ല. അന്തര്‍ ജില്ലാ പൊതു ഗതാഗതം യാതൊരു കാരണവശാലും അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശത്തില്‍ നല്‍കിയ ഇളവുകള്‍ക്കുമല്ലാതെയുള്ള അന്തര്‍ ജില്ലാ – അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. മാര്‍ഗരേഖ പ്രകാരമല്ലാതെയുള്ള എല്ലാ വ്യാവസായിക, വാണിജ്യ നടപടികളും നിര്‍ത്തും. മാര്‍ഗനിര്‍ദേശ പ്രകാരമാല്ലാതെയുള്ള ഹോട്ടല്‍ സേവനം, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുടെ സേവനം, സിനിമ ഹാള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്‌ളി ഹാളുകള്‍, സമാന സ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, പഠന, സാംസ്‌കാരിക, മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുചേരുന്ന മറ്റു പരിപാടികളും ഒഴിവാക്കും. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം, മരണാനന്തരചടങ്ങുകള്‍ എന്നിവയില്‍ 20 പേരിലധികം ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ അനുവദിക്കുന്ന ഇളവുകള്‍:
ആരോഗ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആയുഷ് ഉള്‍പ്പടെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും. ആരോഗ്യ, വെറ്ററിനറി ജീവനക്കാര്‍, ശാസ്ത്രജ്ഞര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, ലാബ് ടെക്‌നീഷ്യന്‍മാര്‍, മിഡ്‌വൈഫ്‌സ്, ആശുപത്രി സേവന സംവിധാനങ്ങള്‍ എന്നിവയുടെ വിമാനയാത്രകള്‍ ഉള്‍പ്പെടെ അനുവദിക്കും. ജന്‍ ഔഷധി ഉള്‍പ്പടെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിന്റെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. കാര്‍ഷിക മേഖലയില്‍ കുറഞ്ഞ താങ്ങുവിലയില്‍ കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുകളുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള എല്ലാ സഹകരണ സംഘങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പഴം, പച്ചക്കറി എന്നിവയുടെ വിതരണത്തിനും വളം, വിത്ത് തുടങ്ങിയവയുടെ ഉത്പാദനം, വിതരണം എന്നിവയ്ക്കും തടസങ്ങളുണ്ടാകില്ല. തേന്‍ ഉത്പാദന മേഖലയിലും തടസങ്ങള്‍ ബാധിക്കില്ല. കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. കൊയ്ത്ത് യന്ത്രങ്ങളുടെ സംസ്ഥാന – അന്തര്‍സംസ്ഥാന ഗതാഗതത്തിന് തടസമുണ്ടാകില്ല. മില്ലുകള്‍ക്കും പ്രവര്‍ത്തിക്കാം. മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും അക്വാകള്‍ച്ചര്‍ മേഖലകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മത്സ്യ ഉത്പന്നങ്ങള്‍, മീന്‍ വിത്തുകളുടെ ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് തടസങ്ങളുണ്ടാകില്ല.
പ്ലാന്റേഷന്‍ മേഖലയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പരമാവധി 50 ശതമാനം ജോലിക്കാരെ ഉള്‍പ്പെടുത്തി തോട്ടം മേഖലകളില്‍ പ്രവര്‍ത്തിക്കാം. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ സംഭരണത്തിനും വിതരണത്തിനും അനുമതിയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക. ദൂരദര്‍ശന്റെയും മറ്റ് വിദ്യാഭാസ ചാനലുകളുടെയു സേവനം പരമാവധി പ്രയോജനപ്പെടുത്തുക. തൊഴിലുറപ്പ് പദ്ധതി അനുവദിക്കും. ഒരു സംഘത്തില്‍ അഞ്ചിലധികം പേരുണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌കും ധരിച്ചു കൊണ്ടായിരിക്കണം തൊഴില്‍ ചെയ്യുവാന്‍. ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തണം.
അക്ഷയ സെന്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ദാതാക്കളുടെ സേവനങ്ങള്‍ എന്നിവ ലഭ്യമാകും. പോസ്റ്റല്‍, കൊറിയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.
ചരക്കു ഗതാഗതം അനുവദിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ട് റേഷന്‍ കടകള്‍ ഉള്‍പ്പടെ അവശ്യവസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. മാധ്യമ പ്രവര്‍ത്തനം, കേബിള്‍ സര്‍വീസ് എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ഇലക്ട്രീഷന്‍മാര്‍, പ്ലംബിംഗ് തൊഴിലാളികള്‍, മെക്കാനിക്കുകള്‍, ഹോം നഴ്‌സ് എന്നിവര്‍ക്കും ചെറുകിട വര്‍ക്ക് ഷോപ്പുകള്‍ക്കും ഇലക്ട്രിക്ക് റിപ്പയറിങ് കടകള്‍ക്കും ഇളവുകള്‍ ലഭിക്കും. ഭക്ഷണശാലകളില്‍ നിന്നുള്ള പാഴ്‌സല്‍ സേവനങ്ങള്‍ എട്ടുമണി വരെയും ഹോം ഡെലിവറി പത്തു മണി വരെയും നടത്താം.
നിര്‍മാണ മേഖലകള്‍ക്കും നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രാമീണ മേഖലയിലെ റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം തുടങ്ങിയവ അനുവദിക്കും. കുറവ് തൊഴിലാളികളെ നിയോഗിച്ച് നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കുക. അതിഥി തൊഴിലാളികളുടെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ട്രാക്ടര്‍ക്കാകും ഉള്ളത്.
ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. ഇരട്ട അക്കങ്ങളിലും പൂജ്യത്തിലും അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച ദിവസം ഒറ്റ, ഇരട്ട അക്ക ക്രമീകരണം ബാധകമല്ല.
ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. ഭിന്നശേഷി ഉള്ളവര്‍ക്കും വനിതകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. ഡ്രൈവര്‍ക്ക് പിന്നില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതിയെങ്കിലും കുടുംബാംഗമാണെങ്കില്‍ ഒരാള്‍ കൂടിയാകാം.
യാത്രക്കാര്‍ മാസ്‌ക്കുകള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും. അതിഥി തൊഴിലാളികള്‍ക്ക് തൊഴിലിനായി സംസ്ഥാനത്തിനുള്ളില്‍ യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പരിശോധനകള്‍ക്ക് ശേഷം മാത്രമേ യാത്ര അനുവദിക്കു. തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരിക്ക് അനുമതി നല്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും
ആരോഗ്യം, പോലീസ്, ഹോംഗാര്‍ഡ്, സിവിള്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്‌സ്, ദുരന്ത നിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാര്‍ ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം ജീവനക്കാരെത്തണം. തിങ്കള്‍ മുതല്‍ വെള്ളി വരെയാവും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.
പത്തനംതിട്ട മീഡിയ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക