തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനം. 175 തദ്ദേശ സ്ഥാപനങ്ങളിലാണു കടുത്ത നിയന്ത്രണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയുള്ള 497 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളിലെ റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല. ബുധനാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും.
കഴിഞ്ഞയാഴ്ച നിരക്ക് ആറില്ത്താഴെയുള്ള പ്രദേശങ്ങളെയാണ് ഇളവുകള്‍ കൂടുതലുള്ള എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അധികം ഇളവുകളും കാറ്റഗറി അഞ്ചില്‍ത്താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലായിരിക്കും. ആറുമുതല്‍ 12 വരെ നിരക്കുള്ള സ്ഥലങ്ങളിലുണ്ടായിരുന്ന നിയന്ത്രണം അഞ്ചുമുതല്‍ പത്തുവരെ നിരക്കുള്ള സ്ഥലങ്ങളിലാക്കിയാണ് പുനക്രമീകരിച്ചത്. 12 മുതല്‍ 18 വരെയുണ്ടായിരുന്ന കാറ്റഗറി സി വിഭാഗത്തിലെ നിയന്ത്രണങ്ങള്‍ ഈയാഴ്ച 10-15 വരെ നിരക്കുള്ള സ്ഥലങ്ങളിലായിരിക്കും.
എ വിഭാഗത്തില്‍ 82, ബി- 415, സി- 362, ഡി- 175 തദ്ദേശ സ്ഥാപങ്ങളാണുള്ളത്. കാറ്റഗറി എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.