പത്തനംതിട്ട : ലോക്ഡൗണ്‍ ലംഘനത്തിന് ശനിയാഴ്ച വൈകിട്ടു മുതല്‍ ഞായറാഴ്ച വൈകിട്ടു നാലുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 436 കേസുകള്‍. 440 പേരെ അറസ്റ്റ് ചെയ്യുകയും 346 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വളരെ അത്യാവശ്യം അല്ലാത്ത കാര്യങ്ങള്‍ക്കും ആളുകള്‍ പുറത്തിറങ്ങി യാത്രചെയ്യുന്നത് തുടരുന്നതുകൊണ്ടും മറ്റുമാണ് കേസുകള്‍ക്ക് കുറവുണ്ടാകാത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു.
പണം വച്ച് ചീട്ട് കളിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഒരു കേസും നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങി നടന്നവര്‍ക്കെതിരെ എടുത്ത 52 കേസുകളും ഇതില്‍ ഉള്‍പ്പെടും. പണം വച്ച് ചീട്ട് കളിച്ചതിന് കോന്നി പുളിഞ്ചാണിയില്‍നിന്നും മൂന്നു പേരെ പിടികൂടി. കോന്നി മാരൂര്‍ പാലം ഗോപി സദനത്തില്‍ കൃഷ്ണകുമാര്‍(38), അരുവാപ്പുലം വത്സല ഭവനത്തില്‍ സന്തോഷ് കുമാര്‍, (40), അരുവാപ്പുലം പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പ്രസന്നന്‍(56) എന്നിവരെയാണ് കോന്നി എസ് ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധി തടയല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് സംഘത്തില്‍ സിപിഒമാരായ ജിപ്‌സണ്‍, ഷാജഹാന്‍ എന്നിവരുണ്ടായിരുന്നു.
ലോക്ഡൗണ്‍ നിരോധനാജ്ഞാ ലംഘനങ്ങള്‍ ഗൗരവമായി കണ്ട് ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. ലോക്ഡൗണിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാലു വരെ ആയിരുന്നത് രണ്ടു വരെ ആക്കി ചുരുക്കിയ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ പോലീസ് സേവനം ഉറപ്പുവരുത്തും.
കൊവിഡ്-19 സംബന്ധമായ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കര്‍ശനമായി തടയും. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും ഡിജിപിയുടെ നിര്‍ദേശം നടപ്പാക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും സമൂഹമാധ്യമങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവരെ നിരന്തരം നിരീക്ഷിക്കുന്നതിന് ജില്ലാ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.