പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് പ്രശംസയുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു കോവിഡ് ബാധിത ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുമായി വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലാണു ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാബിനറ്റ് സെക്രട്ടറി നേരിട്ട് അഭിനന്ദിച്ചത്.
കോവിഡ് വ്യാപനത്തിനെതിരെ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്നും അഭിനന്ദനീയമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി പറഞ്ഞു. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണത്തിന് കളക്ടര്‍ പി.ബി നൂഹിന് അവസരം ലഭിച്ചു. പത്തനംതിട്ടയുടെ പ്രസന്റേഷന്‍ കണ്ടശേഷമായിരുന്നു കേന്ദ്ര കാബിനറ്റ് സെക്രട്ടറി ജില്ലയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്. ഇത്തരത്തില്‍ രാജ്യത്തെ നാലു ജില്ലകള്‍ക്കു മാത്രമാണ് അവസരം ലഭിച്ചത്. രാജസ്ഥാനിലെ ബിലാവ, ആഗ്ര, മുംബൈ എന്നിവയാണ് മറ്റു ജില്ലകള്‍. തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ടായി.
കേരളത്തില്‍ കോവിഡ് 19 ബാധയുടെ രണ്ടാംഘട്ടം തുടങ്ങുന്നത് ഇറ്റലിയില്‍ നിന്നുള്ള റാന്നി കുടുംബം ജില്ലയില്‍ എത്തുന്നതോടുകൂടിയാണ്. ഇവരുടെ രോഗം വേഗത്തില്‍ കണ്ടെത്തുവാനും ഒന്‍പതു പേരില്‍ രോഗത്തെ ഒതുക്കുവാനും 1200 ഓളം പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളെ കണ്ടെത്തി ഐസലേഷനിലാക്കി സാമൂഹ്യ വ്യാപനം തടഞ്ഞതും ജില്ലയുടെ മികച്ച പ്രവര്‍ത്തനമായി വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.