പത്തനംതിട്ട : ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴം ഉച്ചക്ക് ശേഷം മുതല്‍ വെള്ളി രണ്ടു വരെ 296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 298 പേരെ അറസ്റ്റ് ചെയ്യുകയും 218 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കേരള ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പിടിച്ചെടുത്ത വാഹനങ്ങള്‍ രേഖകളുടെ പകര്‍പ്പുകളും ബോണ്ടും വാങ്ങിയശേഷം നിശ്ചിത നിക്ഷേപ തുക അടപ്പിച്ചും വിട്ടയച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയും കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്ട് കാരിയര്‍, ഇടത്തരം ചരക്കു വാഹനങ്ങള്‍ എന്നിവക്ക് 4000 രൂപയും ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 5000 രൂപയും നിക്ഷേപ തുക ഈടാക്കിയാണ് വിട്ടയക്കുക. ടിആര്‍ അഞ്ച് രസീത് ഉപയോഗിച്ച് എസ്എച്ച്ഒ മാര്‍ക്ക് നിക്ഷേപ തുക ഈടാക്കാം. ഇതിനായി പ്രത്യേകം ടിആര്‍ അഞ്ച് രസീത് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.