ഡല്‍ഹി : മെയ് 3 വരെയുള്ള ലോക്ക്ഡൗണ്‍ കാലയളവ് രണ്ടായി തിരിച്ച് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ 20 വരെ കര്‍ശനമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യമെമ്പാടും പാലിച്ചേ മതിയാകൂ. ഏപ്രില്‍ 20ന് ശേഷം ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഹോട്ട് സ്‌പോട്ടുകളല്ലാത്ത ഇടങ്ങളില്‍ ചെറിയ ഇളവുകള്‍ നല്‍കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പക്ഷേ ഒരു കാരണവശാലും പൊതുഗതാഗതമോ അന്തര്‍വാഹന സര്‍വീസുകളോ അനുവദിക്കാന്‍ പാടില്ല. അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ പാടില്ല. ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ യാത്ര ചെയ്യാനും പാടില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കാറുകളില്‍ രണ്ട് പേരെ പാടുള്ളൂ. ഇളവുകള്‍ സംബന്ധിച്ച് 15 പേജോളം വരുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒരു കാരണവശാലും തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ ഏപ്രില്‍ 20ന് ശേഷം ചെറിയ ഇളവുകള്‍, ഹോട്ട് സ്‌പോട്ടുകളല്ലാത്ത ഇടങ്ങളില്‍ നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിടുന്നത്. ഇതില്‍ പറയുന്ന ചട്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇളവുകള്‍ നല്‍കാം. പക്ഷേ കര്‍ശനമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാവൂ.
ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതില്‍ പലതും കര്‍ഷകര്‍ക്കും, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്കുമാണ്. നിര്‍മാണമേഖലയ്ക്കും ഇളവുകളുണ്ട്. ഗ്രാമീണമേഖലയിലെ റോഡ്, പാലം നിര്‍മാണം, വര്‍ക്ക് സൈറ്റില്‍ തൊഴിലാളികള്‍ തങ്ങുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ഇളവുകള്‍ നല്‍കാം. തൊഴിലുറപ്പ് പദ്ധതി കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് തുടങ്ങാം. എന്നാല്‍ ഐടി കമ്പനികള്‍ക്ക് 50 ശതമാനം ജീവനക്കാരെ ഓഫീസിലെത്തിച്ച് പ്രവര്‍ത്തിക്കാമെന്നും ഇളവുകള്‍ അനുവദിക്കാവുന്ന പട്ടികയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാണ്. പൊതുസ്ഥലത്ത് തുപ്പുന്നത് കേസെടുക്കാവുന്ന കുറ്റമാണ്. അതേസമയം മദ്യവില്‍പനയ്ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.
ഏപ്രില്‍ 20ന് ശേഷം നല്‍കാവുന്ന ഇളവുകള്‍ ഏതൊക്കെ? വിശദമായി പരിശോധിക്കാം:
1. ആയുഷ് ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാം
2. കൃഷി, അനുബന്ധപ്രവര്‍ത്തനങ്ങള്‍ എല്ലാം അനുവദിക്കാം
3. സംഭരണത്തിന് വേണ്ട സംഭരണകേന്ദ്രങ്ങളെല്ലാം തുറക്കാം.
4. ചെറുകിട ചന്തകളിലൂടെ, കൃത്യമായ നിയന്ത്രണങ്ങളിലൂടെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള സൗകര്യങ്ങളൊരുക്കണം
5. ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, മൃഗാശുപത്രികള്‍
6. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. വില്‍പനയും മാര്‍ക്കറ്റിംഗും അനുവദിക്കും.
7. തേയില, കാപ്പി, കശുവണ്ടി, റബ്ബര്‍ പ്ലാന്റേഷനുകളില്‍ 50 ശതമാനം ജോലിക്കാരുമായി പ്രവര്‍ത്തിക്കാം.
8. ഗോശാലകള്‍ക്കും പ്രവര്‍ത്തിക്കാം
9. കുട്ടികളുടെയും, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെയും, വൃദ്ധരുടെയും, സ്ത്രീകളുടെയും, വിധവകളുടെയും പുനരധിവാസകേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
10. ഇപിഎഫ്ഒ കേന്ദ്രങ്ങള്‍ക്ക് പെന്‍ഷനുകള്‍ കൊടുക്കാന്‍ തുറക്കാം.
11. അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. പക്ഷേ കുട്ടികളെ കൊണ്ടുവരരുത്. കുട്ടികളുടെ വീട്ടിലേക്ക് ഭക്ഷണവസ്തുക്കളും മറ്റ് പോഷകവസ്തുക്കളും പതിനഞ്ച് ദിവസത്തിലൊരിക്കല്‍ എത്തിച്ച് നല്‍കണം.
12. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികള്‍ തുടങ്ങാം. പക്ഷേ, ആളുകള്‍ തമ്മിലുള്ള സാമൂഹ്യാകലം പാലിക്കണം.
13. മന്‍രേഗയില്‍ ജലസേചനത്തിന് വേണ്ടിയുള്ള പണികള്‍ക്ക് പ്രോത്സാഹനം നല്‍കണം
14. കൊറിയര്‍ സര്‍വ്വീസ് അനുവദിക്കും
15. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍
16. കുടുങ്ങിയ വിദേശികള്‍, അവശ്യസേവനങ്ങളിലുള്ളവര്‍ തങ്ങുന്ന ഹോട്ടലുകള്‍
17. നഗരങ്ങള്‍ക്ക് പുറത്തുള്ള ഇഷ്ടിക കളങ്ങള്‍
18. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വരണം. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യമുള്ളിടത്ത് മൂന്നിലൊന്ന് ഒരു ദിവസം എത്തണം.
19. ചരക്കു നീക്കത്തിനുള്ള കയറ്റിറക്ക് തൊഴിലാളികള്‍
20. ഒരു ട്രക്കില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു ഹെല്‍പ്പറും അനുവദിക്കും
21. ബാങ്കുകള്‍ക്ക് നേരിട്ടുള്ള പണവിതരണത്തിന് സാധാരണ സമയം പ്രവര്‍ത്തിക്കാം