തിരുവനന്തപുരം: ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. നിയന്ത്രണങ്ങളില്‍ മാറ്റം വരുമെങ്കിലും കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെയാകും അന്തിമ തീരുമാനം. നിയന്ത്രണങ്ങളില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയില്‍ രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ ജില്ലകളില്‍ ടി.പി.ആര് 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ പത്ത് ശതമാനത്തിലും താഴെയായി. കേസുകളുടെ എണ്ണം 20 ശതമാനം കുറഞ്ഞു. എന്നാല്‍ 14 തദ്ദേശ സ്ഥാപന പരിധിയില്‍ ടി.പി.ആര് 35 ശതമാനത്തിലും കൂടുതലാണ്. 37ല്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21നും 28നും ഇടയിലാണ്.
പരിശോധന നല്ലതോതില്‍ വര്‍ധിപ്പിക്കണം എന്നുതന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ കാമ്പയിന് ആലോചിക്കും. വീടുകളില്‍നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്‍ഗങ്ങളും നടപ്പാക്കും. മൂന്നാം തരംഗം തടയാന്‍ വലിയ ബഹുജന കൂട്ടായ്മതന്നെ ഉണ്ടാകേണ്ടതുണ്ട്. ലോക്ഡൗണ്‍ കൊണ്ടുമാത്രം ഇത് കഴിയില്ല. വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടണം.
ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിനെടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. എന്നാല്‍ ഇങ്ങനെ രോഗമുണ്ടാകുന്നവരില്‍ കഠിന രോഗലക്ഷണങ്ങളും മരണസാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.