തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുന്നു. നാളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. എല്ലാ ഘടകങ്ങളും പരിഗണിച്ച് മാത്രമേ ലോക്ക്ഡൗണ്‍ തീരുമാനിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാകുന്നത് പ്രാദേശികമായുള്ള സമ്പര്‍ക്കമാണ് എന്നതാണ് യഥാര്‍ത്ഥ്യം. ആകെ രോഗികളില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. സാമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരദേശ മേഖലയിലും സ്ഥിതി ഗുരുതരമാണ്.
95 ശതമാനത്തിനുടത്താണ് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പര്‍ക്ക വ്യാപനം ഗുരുതരമാവുകയാണ്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയിരിക്കുകയാണ്. സാമൂഹിക അകലം ഉറപ്പുവരുത്താനും രോഗബാധ തടയാനും ഈ ഘട്ടത്തില്‍ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ ആണ് സര്‍ക്കാരിനു മുന്നിലുള്ള ഒരു മാര്‍ഗം.
നാളെ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം നിര്‍ണായകമാകും. രോഗം ബാധിക്കുന്ന പ്രദേശങ്ങള്‍ മാത്രമായി അടിച്ചിടുന്നത് കൊണ്ട് ഗുണമുണ്ടാകുന്നില്ലെന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അതേസമയം അടച്ചിടല്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാകുമെന്നതിനാല്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചാവും തീരുമാനമെടുക്കുക. അയല്‍ സംസ്ഥാനമായ കര്‍ണാടക ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരിക്കുകയാണ്. അതിര്‍ത്തി കടന്നുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്കുമില്ല. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടാനുള്ള സാധ്യത കൂടുതലാണ്.