തിരുവനന്തപുരം : ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായും മേഖല തിരിച്ചു മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാനാവൂ. പ്രധാനമന്ത്രിയുമായുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് യോഗം തുടരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മാസ്ക് ധരിച്ച് പങ്കെടുക്കുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
ഒഡിഷയ്ക്കും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചു. അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് മരണം 239 ആയി. രോഗബാധിതർ 7447, ചികില്‍സയിലുള്ളവര്‍ 6565, രോഗം ഭേദമായവര്‍ 642 ആയി. 24 മണിക്കൂറിനിടെ 40 മരണങ്ങൾ സംഭവിച്ചു. 1035 പുതിയ രോഗികള്‍ റിപ്പോർട്ട് ചെയ്തു. ആയിരത്തിലേറെ രോഗികള്‍ ഒരുദിവസം വരുന്നത് ഇതാദ്യമാണ്.
രാജ്യത്തെ കൊവിഡ് മരണത്തിൽ പകുതിയും മഹാരാഷ്ട്രയിലാണ്. 108 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. ഇതിൽ 64 മുംബൈയിലാണ്. സംസ്ഥാനത്തുടനീളം 1574 കോവിഡ് രോഗികളാണുള്ളത്. മുംബൈയിൽ രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയ്ക്ക് പിന്നിൽ കൂടുതൽ രോഗികൾക്കുള്ളത് പുണെയിലാണ്.