തിരുവനന്തപുരം : അതാത് ജില്ലയ്ക്കുള്ളില്‍ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമില്ല. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം, ജലഗതാഗതം ഉള്‍പ്പടെ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പാടുള്ളൂ. നിന്ന് യാത്ര പാടില്ല. കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ളിടത്ത് മാത്രമേ അത് അനുവദിക്കൂ. അന്തര്‍ ജില്ലാ പൊതുഗതാഗതം അനുവദിക്കില്ല. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ മറ്റ് യാത്രകള്‍ അനുവദിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ സമയ പരിധി ബാധകമല്ല . ഇലക്‌ട്രീഷ്യന്മാര്‍, മറ്റ് ടെക്‌നീഷ്യന്‍മാര്‍ ലൈസന്‍സ് കരുതണം. സമീപജില്ലയില്‍ പോകുന്നതിന് പൊലീസിന്റെ അനുമതി വാങ്ങണം. അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. ജോലി ആവശ്യങ്ങള്‍ക്കായി ദൂരെ ജില്ലകളില്‍ പോകുന്നവര്‍ പ്രത്യേക യാത്രാ പാസ് ജില്ലാ കളക്ടറില്‍ നിന്നൊ എസ്പിയില്‍നിന്നോ വാങ്ങണം.
കണ്ടെയ്ന്റ്ന്മെന്റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും. അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ, ലോക്ഡൗണില്‍ ഒറ്റപ്പെട്ടവരും വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതിനു പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തിരാവശ്യങ്ങള്‍ക്കും അന്തര്‍ ജില്ലാ യാത്ര അനുവദിക്കും. സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി ഉള്‍പ്പടെയുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്ക് യാത്ര അനുവദിക്കും.
ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്കും യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ സാധാരണ ഒരാള്‍ക്കും കുടുംബംഗമാണെങ്കില്‍ പിന്‍സീറ്റില്‍ യാത്രയും അനുവദിക്കും. ആരോഗ്യ കാരണങ്ങളില്‍ പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും. വിവിധ സോണുകളിലെ കണ്ടെയ്ന്‍മെന്റ് സോണിലേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല.
അടിയന്തിര ഘട്ടത്തില്‍ പോകുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടണം.
മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തി നടത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.
65 വയസ്സിന് മുകളില്‍ ഉള്ളവര്‍ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണം.
മാളുകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്‌സുകളില്‍ ഒരു ദിവസം ആകെയുള്ള കടകളുടെ 50 ശതമാനം തുറന്ന് പ്രവര്‍ത്തിക്കാം. ഏത് ദിവസം ഏത് കട തുറക്കണം എന്നത് ഷോപ്പിങ് കോംപ്ലക്‌സിലെ കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയത് തീരുമാനിക്കാം. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എ.സി ഒഴിവാക്കി പ്രവര്‍ത്തിക്കാം. ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം.
ഒരു സമയം രണ്ടുപേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കരുത്. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുവരണം. സമയം മുന്‍കൂട്ടി നിശ്ചയിക്കണം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കണം.
റസ്‌റ്റോറന്റുകളിലെ ടേക്ക് എവെ കൗണ്ടറുകളില്‍ ഭക്ഷണ സാധനങ്ങളുടെ വിതരണം രാത്രി ഒമ്പത് മണിവരെ നടത്താം.
10 മണിവരെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും. ബിവറേജസ് ഔട്ട് ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് തയ്യാറാവുന്ന മുറയ്ക്ക് പാഴ്‌സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളിലെ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്. സംവിധാനം നിലവില്‍ വരുമ്പോള്‍ ക്ലബുകളില്‍ ഒരുസമയം അഞ്ചില്‍ കൂടുതല്‍ പാടില്ല എന്ന വ്യവസ്ഥയില്‍ മദ്യവും ആഹാരവും പാഴ്‌സലായി വിതരണം ചെയ്യാം. ബുക്കിങ് സംവിധാനം ക്ലബുകള്‍ ഇതിന് ഉപയോഗിക്കണം. മെമ്പര്‍മാര്‍ അല്ലാത്തവരെ ക്ലബുകളില്‍ പ്രവേശിപ്പിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് കള്ളും ആഹാരവും വിതരണം ചെയ്യാം. സര്‍ക്കാര്‍ ഓഫീസില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം,
ശേഷിക്കുന്നവര്‍ വര്‍ക്ക് ഫ്രം ഹോം ആയിരിക്കണം. ആവശ്യമെങ്കില്‍ ഓഫീസില്‍ എത്തണം. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസ് അവധിയായിരിക്കും.
തൊട്ടടുത്ത ജില്ലയിലേക്ക് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം മറ്റ് ജില്ലയില്‍ നിന്ന് സ്ഥിരമായി വരുന്നവരാണെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ലോക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഓഫീസില്‍ എത്താന്‍ കഴിയാത്ത ജീവനക്കാര്‍ രണ്ട് ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം.
ഇങ്ങനെ യാത്ര ചെയ്യാന്‍ പറ്റാത്തവര്‍ അതാത് ജില്ലാ കളക്ടറുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഞായറാഴ്ച പൂര്‍ണമായും ലോക്ഡൗണ്‍ ആയിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം. വിവാഹം പരമാവധി 50 പേരെ വെച്ച് നടത്താം. മരണാനന്തര ചടങ്ങിന് പരമാവധി 20 പേര്‍ മാത്രം. സാനിറ്റൈസര്‍ എല്ലായിടത്തും കൃത്യമായി ഉറപ്പാക്കണം.