പത്തനംതിട്ട : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവില്‍ ഇറങ്ങിയവര്‍ക്ക് പെറ്റിയടിക്കുവാന്‍ പോലീസ് ഏറെ ശുഷ്ക്കാന്തി കാണിച്ചിരുന്നു. ഓരോ ദിവസത്തെയും ടാര്‍ജറ്റ് തികക്കുവാന്‍ നെട്ടോട്ടമായിരുന്നു സാധാരണ പോലീസുകാര്‍. പ്രധാനമായും പകര്‍ച്ചവ്യാധി നിയമം പ്രയോഗിച്ചായിരുന്നു കേസെടുത്തിരുന്നത്.
മാരകമായ കോവിഡ് രോഗം പകര്‍ത്താന്‍ ശ്രമിച്ചതായിരുന്നു കുറ്റം. ഈ പെറ്റിക്കേസുകള്‍ കൂട്ടത്തോടെ ഇന്ന് കോടതിയില്‍ വന്നപ്പോള്‍ കോടതിയുടെ പരിസരം ജനനിബിഡമായി. രാവിലെ മുതല്‍ കോടതിയുടെ വരാന്തയിലും സിവില്‍ സ്റ്റേഷന്‍ പരിസരത്തും ആളുകള്‍ കൂട്ടം കൂടിയിരുന്നു. തങ്ങളുടെ കേസുകള്‍ എത്രയുംവേഗം തീര്‍ക്കുവാന്‍ ഊഴവും കാത്ത് കോടതിവരാന്തയില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. വലിയ തോതില്‍ രോഗവ്യാപനതിന് ഇത് കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല.