റാന്നി : റാന്നി അങ്ങാടി മേനാംതോട്ടത്തില്‍ രണ്ട് വർഷമായി പൂട്ടി കിടക്കുന്ന ക്നാനായ മെഡിക്കൽ മിഷൻ ആശുപത്രിയുടെ കതക് കുത്തിപ്പൊളിച്ച് സീലിംഗ് ഫാനുകളും ബ്രാസ് ടാപ്പുകളും ഫ്രിഡ്ജിന്റെ കംപ്രസ്സറും ഇലക്ട്രിക്കൽ കേബിളുകളും മോഷ്ടിച്ചതിന് അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ റാന്നി പോലീസ് കേസെടുത്തു. 50000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പരാതിയിൽ സംശയം പറഞ്ഞ കൗമാരക്കാരോട് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ റാന്നി പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് പോലീസ് നിയമനടപടികൾ കൈകൊണ്ടു. അഡ്മിനിസ്ട്രേറ്റർ തോമസ് പി ബാബുവിന്റെ മൊഴിയനുസരിച്ചാണ് എസ് ഐ ആർ ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്തത്.
പതിനേഴ് വയസുള്ള നാലു പേരാണ് പോലീസ് നടപടികൾക്ക് വിധേയരായത്. ഇവർ ചേർന്ന് മോഷണം നടത്തിയതായി ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് കൗമാരക്കാർക്കെതിരെ കേസെടുത്തത്. കുട്ടികളെ ജുവനൈല്‍ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി. ബോർഡ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പിന്നാലെ കൗൺസിലിംഗ് ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തു. കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ റാന്നി ഇട്ടിയപ്പാറയിലെ ആക്രിക്കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈക്കൊണ്ടത്.