പത്തനംതിട്ട: ജില്ലയില്‍ ഈ മാസം 25 മുതല്‍ ലോക് ഡൗണിന് ഭാഗിക ഇളവ് അനുവദിക്കുമെന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇളവുകള്‍ അനുവദിക്കുന്നതിന്റെ ക്രമീകരണങ്ങളുടെ മാര്‍ഗരേഖ ജില്ലാഭരണകൂടം ജനങ്ങളില്‍ എത്തിക്കും. ഗ്രാമീണ മേഖലയിലെ കാര്‍ഷികവൃത്തി, ചെറുകിട വ്യവസായിക പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകള്‍ എന്നിവ സുരക്ഷാ ക്രമീകരണങ്ങളോടെ പുന:സ്ഥാപിക്കും. പഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ജില്ലാ അതിര്‍ത്തികളും തുറക്കില്ല. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വീസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഉപാധികളോടെ അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ തൊഴിലുറപ്പ്, അയ്യങ്കാളി പദ്ധതികള്‍ പുനരാരംഭിക്കും. നിര്‍ത്തിവെച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. കൊയ്ത്ത് മെതി യന്ത്രങ്ങള്‍ ജില്ലയിലെ വിളവെടുപ്പിനുശേഷം മാത്രമേ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകാവൂ.
ജില്ലയില്‍ സിവില്‍ സപ്ലൈസിന്റെ സൗജന്യ റേഷന്‍ വിതരണം 97 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അവശ്യസാധന കിറ്റ് വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കായുള്ള കിറ്റ് വിവിധ താലൂക്കുകളിലായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 20 മുതല്‍ കേന്ദ്രസര്‍ക്കാര്‍ പിങ്ക്, മഞ്ഞ കാര്‍ഡുകാര്‍ക്ക് അനുവദിച്ച ഒരാള്‍ക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട ഭക്ഷണ വിതരണം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, എം എല്‍ എ മാരായ മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, എഡിഎം അലക്സ് പി തോമസ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.