ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഏക മുസ്ലീം സ്ഥാനാര്‍ഥിയായിരുന്നു ഡോ. എം.അബ്ദുള്‍സലാം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എം.അബ്ദുള്‍ സലാമിനെ കളത്തിലിറക്കി മലപ്പുറം മണ്ഡലത്തില്‍ മുന്നേറ്റം നടത്താമെന്നാണ് ബി.ജെ.പി.യുടെ നീക്കം. ആളും ആരവവുമായി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുമ്പോള്‍ മലപ്പുറത്തെ പ്രതീക്ഷകളും തന്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണ് ഇപ്പോൾ അദ്ദേഹം.
”പാര്‍ട്ടി നടത്തിയ സര്‍വേ അനുസരിച്ചാണ് മലപ്പുറത്ത് സ്ഥാനാര്‍ഥിയായത്. ഇത് എനിക്കൊരു ചലഞ്ചാണ്. അതുപോലെ ഒരു രസവുമാണ്. എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ് മലപ്പുറം. മലപ്പുറത്തുകാരെല്ലാം നല്ലവരാണ്. മുസ്ലിങ്ങളിൽ 99.99 ശതമാനവും സ്‌നേഹമുള്ളവരും വെണ്ണപോലെയുള്ളവരുമാണ്. കുറച്ചുപേര്‍ മാത്രമാണ് മറ്റുചില പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍. അവരെവച്ച് ബാക്കിയുള്ളവരെ അളക്കുന്നത് എന്തിനാണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് മലപ്പുറം. ബി.ജെ.പി.യോട് മുഖംതിരിച്ചുനില്‍ക്കുന്ന ജനവിഭാഗമാണ് ഭൂരിഭാഗവും. ബി.ജെ.പി.യോട് എന്തോ വിരോധമുള്ളവരാണ് അവര്‍. ഇത് മാറ്റിയെടുക്കുകയും മോദി നിങ്ങളുടെ ശത്രുവല്ലെന്നും നിങ്ങളുടെ രക്ഷകനാണെന്നും അവരെ പറഞ്ഞ് മനസിലാക്കലുമാണ് ആദ്യത്തെ വെല്ലുവിളി. അവരുടെ മനസ്സില്‍ കിടക്കുന്ന ഇരുട്ടിനെ മോദിയുടെ വെളിച്ചം കൊണ്ട് വൃത്തിയാക്കണം”. എന്നും അദ്ദേഹം പറഞ്ഞു