പത്തനംതിട്ട : പത്തനംതിട്ട ലോക് സഭാ മണ്ഡലം ഇതുവരെ കണ്ടിട്ടില്ലാത്ത ആവേശ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് നേട്ടങ്ങൾ അടിച്ചുവാരുമ്പോഴും ലോക്സഭാ മണ്ഡലം അകന്നുനിന്നു. ഒരുകാലത്ത് യുഡിഎഫ് കോട്ടയായി കരുതിയ ജില്ലയിൽ അവരുടെ ശക്തികേന്ദ്രമായി തുടരുന്നത് ലോക്സഭാ മണ്ഡലമാണ്. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളും ചേരുന്നതാണു പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളും എൽഡിഎഫിനാണ്. എന്നാൽ 2009ൽ ലോക്സഭാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ജയം യുഡി എഫിലെ ആന്റോ ആന്റണിക്കും. ആന്റോ ആന്റണി നാലാം പോരാട്ടത്തിലാണ്. എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയാണ്. എംപി എന്ന നിലയിൽ ആന്റോയുടെ പ്രകടനം തുണയ്ക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ, കോവിഡ് കാല പ്രവർത്തനങ്ങൾ, എംപി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിയ വിവിധ പദ്ധതികൾ എന്നിവ ആന്റോയ്ക്കു കരുത്ത് വർധിപ്പിക്കുന്നു.
ജില്ലയുടെ ചുമതലയുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ തോമസ് ഐസക്കിന് മണ്ഡലം അന്യമല്ല. മൈഗ്രേഷൻ കോൺക്ലേവ് എന്ന പരിപാടിയിലൂടെ ജില്ലയിലെ പ്രവാസികളെ കൂടെനിർത്താനും വയോജനങ്ങൾ ഏറെയുള്ള ജില്ലയെന്ന നിലയിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടും പിടിച്ചുകയറാനാണ് ഐസക്കിന്റെ കഠിനശ്രമം. ശബരിമല പ്രതിഷേധങ്ങളിൽ മുങ്ങി കിടന്ന കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ അതിന്റെ മുൻനിരയിലുണ്ടായിരുന്ന കെ.സുരേന്ദ്രൻ സമാഹരിച്ച 2,97,396 വോട്ടുകളാണ് ബിജെപിയുടെ ഇതുവരെയുള്ള ഇവിടെത്തെ മികച്ച സ്കോർ. പറഞ്ഞുകേട്ട പേരുകളെല്ലാം മറികടന്നാണ് അനിൽ ആന്റണിയുടെ വരവ്.