ഡല്‍ഹി : സ്ത്രീ വോട്ടര്‍മാരെ തന്നെ ലക്ഷ്യംവെച്ച് നിർണായക പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസിന്റെ മഹിളാ പ്രകടന പത്രിക പുറത്ത്. അധികാരത്തില്‍ വരികയാണെങ്കില്‍ ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗ്യാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയിലായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്.
ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അവരുടെ കേസുകളില്‍ പോരാടാനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും വനിതകള്‍ക്കായി സാവിത്രിഭായ് ഫുലെ ഹോസ്റ്റലുകള്‍ നിര്‍മിക്കുമെന്നും രാഹുൽ ഗാന്ധി വനിതാ വോട്ടർമാർക്ക് ഉറപ്പുനൽകി.