കൊല്‍ക്കത്ത: നടിമാരെ ഇറക്കി പശ്ചിമ ബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറ്റൊരു നീക്കം കൂടി ഇപ്പോൾ ചർച്ചയാകുന്നു. പൊതു തെരഞ്ഞെടുപ്പിനൊപ്പം ബരാനഗർ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിനേത്രി സയന്തിക ബാനർജി തൃണമൂല്‍ സ്ഥാനാർഥിയായി മത്സരിക്കും. 2009ല്‍ ചലച്ചിത്ര ലോകത്തെത്തിയ സയന്തിക അഭിനയിച്ച അവാര എന്ന സിനിമ വന്‍ വിജയം നേടിയിരുന്നു. മികച്ച നർത്തകി എന്ന നിലയിലും സയന്തിക ബാനർജി ശ്രദ്ധേയയാണ്. നടിമാരായ ജൂണ്‍ മാലിയ, രചന ബാനർജി എന്നിവരെ ലോക്സഭ സ്ഥാനാർഥികളായി തൃണമൂല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പശ്ചിമ ബംഗാളില്‍ അധികാരം കയ്യിലുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ പോലും വിട്ടുവീഴ്ചയ്ക്ക് മമതാ ബാനർജിയുടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറല്ല.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാനഗർ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നടി സയന്തിക ബാനർജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂല്‍. ജൂണ്‍ 1നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സയന്തിക തൃണമൂലില്‍ ചേർന്നത്. ബാങ്കൂര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടിരുന്നു. കന്നി നിയമസഭ അങ്കത്തില്‍ തോറ്റെങ്കിലും സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പദവി ലഭിച്ച സയന്തിക ബാനർജി തൃണമൂലിനായി ശക്തമായി രാഷ്ട്രീയ രംഗത്ത് തുടർന്നുമുണ്ടായിരുന്നു. ബാങ്കൂര ലോക്സഭ മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിച്ചെങ്കിലും സയന്തികയുടെ പേര് വീണില്ല. ഇതില്‍ താരം അതൃപ്തി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി നറുക്ക് വീണത്.