ഡല്‍ഹി: ബാങ്കിംഗ് ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കിയത്. 1934ലെ റിസര്‍വ് ബാങ്ക് ആക്ട്, 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ബില്‍ ലോക്സഭയുടെ പരിഗണനയ്ക്ക് വെയ്ക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി മന്ത്രി പറഞ്ഞു. നിലവിലെ സിംഗിള്‍ നോമിനി സമ്പ്രദായത്തിന് പകരമായി നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കോ സ്ഥിര നിക്ഷേപങ്ങള്‍ക്കോ വേണ്ടി നാല് വ്യക്തികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന നിയമ ഭേദഗതി.
പ്രധാനമായി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍
ഒരു ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ അനുവദിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു.
അവകാശികളില്ലാത്ത ലാഭവിഹിതം, ഓഹരി, പലിശ, ബോണ്ട് വിഹിതം എന്നിവ ഇനി നിക്ഷേപ ബോധവല്‍ക്കരണ-സംരക്ഷണ നിധിയിലേക്ക് പോവും. ഈ നിധിയില്‍ നിന്ന് അര്‍ഹരായ വ്യക്തികള്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം
ഡയറക്ടര്‍ഷിപ്പുകള്‍ക്കുള്ള ‘ഗണ്യമായ പലിശ’ പുനര്‍ നിര്‍വചിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു മാറ്റം, ഏകദേശം ആറ് പതിറ്റാണ്ട് മുമ്പ് നിശ്ചയിച്ചിരുന്ന നിലവിലെ പരിധിയായ 5 ലക്ഷം രൂപയ്ക്ക് പകരം 2 കോടി രൂപയായി വര്‍ദ്ധിക്കും.
കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിക്കാന്‍ അനുവാദം.
2011 ലെ ഭരണഘടന (തൊണ്ണൂറ്റി ഏഴാം ഭേദഗതി) നിയമവുമായി യോജിപ്പിക്കുന്നതിനായി സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ (ചെയര്‍മാനും മുഴുവന്‍ സമയ ഡയറക്ടറും ഒഴികെ) കാലാവധി 8 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ഉയര്‍ത്തി.
ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതിന് ബാങ്കുകള്‍ക്ക് കുടുതല്‍ അധികാരം.
രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകള്‍ക്കുപകരം എല്ലാ മാസവും 15-ാം തീയതിയോ മാസത്തിലെ അവസാന ദിവസമോ ആണ് ബാങ്കുകളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട തീയതികള്‍