ആലപ്പുഴ : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരായ പോരാട്ടത്തിന്റെ അന്ത്യകൂദാശയാണ് നടന്നത്. വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ആയിട്ടില്ല. കാനം രാജേന്ദ്രന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണനയില്‍ ഇരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് അധികാരദുര്‍വിനിയോഗം ആണ്. ഇത് അധാര്‍മികം ആണ്. പിണറായി വിജയന്‍ ഏകാധിപതിയാണ്. ഇ കെ നയനാരുടെയും ഇ ചന്ദ്രശേഖരന്‍ നായരുടെയും ആത്മാവ് പിണറായിയോട് പൊറുക്കില്ല. സിപിഎം ദേശീ യ നേതൃത്വം മറുപടി പറയണം. ഗവര്‍ണര്‍- മുഖ്യമന്ത്രി കൂട്ടുകച്ചവടം ആണ് നടക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു മികച്ച പാര്‍ലമെന്‍റിയന്‍ ആയിരുന്ന ആളാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഒരു പേഴ്സണല്‍ സ്റ്റാഫിന് വേണ്ടി ഗവര്‍ണര്‍ എല്ലാം വിഴുങ്ങി. പ്രതിപക്ഷം ഇത് അനുവദിക്കില്ല പോരാട്ടം തുടരും. ഗവര്‍ണര്‍ സര്‍വ്വകലാശാല വിഷയത്തില്‍ അടക്കം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എല്ലാം തീര്‍ന്നു.
ഇത് കറുത്ത ഓര്‍ഡിനന്‍സ് ആണ്. രാഷ്ട്രപതിയുടെ അംഗീകാരം ഈ ഓര്‍ഡിനന്‍സിന് വേണം. ഇത് നിലനില്‍ക്കില്ല. അതാണ് തങ്ങള്‍ക്ക് കിട്ടിയ നിയമോപദേശം. ലോകായുക്തയുടെ പല്ല് മുഴുവന്‍ പിണറായി വിജയന്‍ പിഴുത് എടുത്തിരിക്കുന്നു. ലോകായുക്തയെ ഇനി പിരിച്ചു വിടണം. കോടിക്കണക്കിന് രൂപ ചെലവ് ചെയ്യേണ്ട ആവശ്യമില്ല. മന്ത്രി ആര്‍ ബിന്ദുവിന് എതിരായ ലോകായുക്ത കേസ് റിവ്യൂ അംഗീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകും. തന്റെ ഭാഗം കേള്‍ക്കാതെ ആണ് പരാതി തള്ളിയത്. കളിയാക്കുന്ന രീതി ആയിരുന്നു ലോകായുക്തയുടേത്. ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തി എന്നത് വ്യക്തമാണ്. രമേശ് ചെന്നിത്തല പറഞ്ഞു.