ന്യൂഡല്‍ഹി : ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇതോടെ ലോകരാജ്യങ്ങളുടെ പരിഭ്രാന്തി മാറിക്കഴിഞ്ഞു. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണെന്നാണ് ചൈനയുടെ അവകാശ വാദം. ഇതോടെ ജനവാസ കേന്ദ്രത്തില്‍ റോക്കറ്റ് വീഴുമെന്ന ഭയവും അകലുകയാണ്. ചൈനയ്ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആശ്വാസം.
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്ന് എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കിയത്. സ്പെയിന്‍, ഇസ്രയേല്‍, ആസ്ട്രേലിയ, ന്യൂസിലാന്റ്, എന്നീ രാജ്യങ്ങളില്‍ അവശിഷ്ടം വീഴാന്‍ സാധ്യത ഏറെയാണ് എന്നും റിപ്പോര്‍ട്ടുകളെത്തി. ഈ രാജ്യങ്ങളില്‍ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭയന്നതു പോലെ ഒന്നും സംഭവിച്ചില്ല.
തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചിട്ടുണ്ടാകുമെന്ന ചൈനയുടെ പ്രതികരണം പോലെ കാര്യമെല്ലാം സംഭവിച്ചു. നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചതും ശരിയായി. ചൈനയുടെ സ്വപ്ന പദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണ പഥത്തില്‍ എത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്.
21,000 കിലോ ഗ്രാം ഭാരമുള്ള ഭാഗമാണ് നഷ്ടപ്പെട്ടത്. നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കാനിരിക്കുന്ന റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്ന റോക്കറ്റിന്റെ ആദ്യ ചിത്രമാണ് ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രൊജക്‌ട് പുറത്തുവിട്ടത്. ഭൂമിയിലേക്ക് തകര്‍ന്ന് ജനവാസ മേഖലയില്‍ അവശിഷ്ട മഴ പെയ്യിക്കുമെന്നായിരുന്നു ആശങ്ക.
സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുമ്പാണ് റോക്കറ്റ് നിലം പതിച്ചത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ചത്.
ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്. തിമോര്‍ കടലിനു കുറുകെയായിരിക്കും ഇന്ന് രാത്രിയോടെ റോക്കറ്റ് പതിക്കുകയെന്ന് റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസ് പ്രവചിച്ചിരുന്നു. ഇതും തെറ്റി. എല്ലാം ചൈന പ്രവചിച്ചതു പോലെ സംഭവിച്ചു.