തിരുവല്ല : കല്ലുങ്കൽ ഗ്രാമം കാത്തിരുന്ന റോഡുപണി പൂർത്തീകരിച്ചു. കല്ലുങ്കൽ-അഴകശ്ശേരി റോഡാണ് പത്തുവർഷം നീണ്ട പണികൾക്കുശേഷം പൂർത്തീകരിച്ചത്. ആദ്യം 69.5 ലക്ഷം രൂപയും പിന്നീട് 29 ലക്ഷം രൂപയും കരാർ പ്രകാരം പണികൾക്കായി അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലാണ് പണം അനുവദിച്ചത്. 2015 ജൂൺ 23-നണ് ആദ്യം പണി തുടങ്ങിയത്. 97.68 ലക്ഷം രൂപയ്ക്ക് 1.13 കിലോമീറ്റർ ദൂരം റോഡ് പുനരുദ്ധരിച്ച് ടാർചെയ്യുകയെന്നതായിരുന്നു പദ്ധതി. 2017-ഓടെ നിലച്ചു. ടാറിങ്ങിനായി ഉപരിതലത്തിൽ വിരിച്ച മെറ്റലുകൾ ഇളകി വഴിയിൽ നിരന്നത് യാത്രാദുരിതമായി. 2018-ലെ വെള്ളപ്പൊക്കത്തിൽ കരാറുകാരന്റെ ഉപകരണങ്ങളടക്കം ഒഴുക്കിൽപ്പെട്ടു.
തുടർന്നുള്ള വർഷങ്ങളിലും വെള്ളപ്പൊക്കം റോഡിനെമുക്കി കടന്നുപോയി. കരാറുകാരൻ തുടർപണികൾ നടത്തിയില്ല. ഉദ്യോഗസ്ഥർ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തുടർനടപടികൾ ഇഴഞ്ഞു. റോഡിന്റെ ബാക്കി പണികൾ പൂർത്തീകരിക്കാൻ നെടുമ്പ്രം ഗ്രാമപ്പഞ്ചായത്ത് അധികൃതർ വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. പിഎംജിഎസ്‌വൈ പദ്ധതിയിൽ 60 ലക്ഷത്തോളം രൂപയുടെ പുതിയ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ആരും ഏറ്റെടുത്തില്ല. പിന്നീട് 10.32 ശതമാനം തുക സർക്കാർ ടെൻഡർ എക്സസായി ഉൾപ്പെടുത്തിയതോടെ റാന്നി സ്വദേശി കരാർ ഏൽക്കുകയായിരുന്നു.