ഡല്‍ഹി : ദീര്‍ഘകാല അവധിയില്‍പ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി. ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും കണ്ടെത്തിയാണ് നടപടി. ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
ജീവനക്കാര്‍ക്ക് പലവിധ ദീര്‍ഘകാല അവധികള്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്നുണ്ട്. വിദേശത്ത് പോകാനും മറ്റും അഞ്ചുവര്‍ഷം വരെയാണ് അവധി അനുവദിക്കുന്നത്. ഇത്തരത്തില്‍ അവധിയില്‍പ്പോയ ജീവനക്കാരോട് ഉടന്‍തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കെഎസ്‌ആര്‍ടിസി നിര്‍ദ്ദേശിച്ചു. 136 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയവരില്‍ ഭൂരിപക്ഷത്തിനും കെ.എസ്.ആര്‍.ടി.സി അവശ്യപ്പെട്ട സമയത്ത് ജോലിയില്‍ തിരികെ പ്രവേശിയ്ക്കാന്‍ സാധിച്ചില്ല. ഇവരെ എല്ലാവരെയും കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ഈ നടപടിയ്ക്ക് എതിരെ ജോലി നഷ്ടപ്പെട്ടവര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കരസ്ഥമാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതായിരുന്നു കെ.എസ്.ആര്‍.ടി.സി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപ്പില്‍. ഇതാണ് സുപ്രിം കോടതി തള്ളിയത്.