തിരുവനന്തപുരം : വാഹന യാത്രക്കാരുടെ നിയമലംഘനങ്ങൾ തടയാൻ സർക്കാരും മോട്ടോർ വാഹന വകുപ്പും കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതിയായിരുന്നു എ ഐ ക്യാമറ. മാത്രമല്ല പ്രഖ്യാപനം മുതൽ തന്നെ നിരവധി വിമർശനങ്ങൾ നേരിട്ട ഒരു പദ്ധതികൂടിയായിരുന്നു ഇത്. റോഡ് സുരക്ഷ ഉറപ്പാക്കുക എന്നതിലുപരി മോട്ടോർ വാഹന വകുപ്പിന് നല്ല ഒരു വരുമാന മാർഗം എന്നായിരുന്നു ആരംഭ ഘട്ടത്തിൽ നേരിടേണ്ടിവന്ന വിമർശനം. എന്നാൽ എല്ലാത്തിനുമുപരി ക്യാമറകൾ സ്ഥാപിക്കുവാൻ ചിലവഴിച്ച ഭീമമായ തുകയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന കണക്കുകളാണ് അഴിമതി ആരോപണങ്ങളെ ശരിവെക്കുന്നത്.
ഇതുവരെ കേട്ടുകേൾവിയില്ലാത്ത തുകയാണ് ക്യാമറക്ക് വേണ്ടി ചിലവഴിക്കുന്നതെന്നും ഇതിന്റെ നാലിലൊന്നു വിലക്ക് കൂടുതൽ മെച്ചപ്പെട്ട ക്യാമറകൾ വിപണിയിൽ ലഭ്യമാണെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും പ്രതിപക്ഷം പലയാവർത്തി പറഞ്ഞിട്ടും സർക്കാർ ചെവിക്കൊണ്ടിരുന്നില്ല. യഥാർത്ഥത്തിൽ ചിലവഴിക്കേണ്ടതിനെക്കാൾ ഇരട്ടിയിൽ അധികം തുകയാണ് ഈ പദ്ധതിക്ക് വേണ്ടി പാഴാക്കി കളഞ്ഞിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള കരാറുകാരും ഉപകരാറുകാരും കമ്പനികളും നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എഐ ക്യാമറ വിവാദത്തിൽ നിന്നും തലയൂരാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് ദിവസം തോറും കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്.
എഐ ക്യാമറ ഒരു അഴിമതി ക്യാമറയാണെന്നായിരുന്നു ഏറ്റവും ശക്തമായി ഉയർന്ന ആരോപണം. വെറും 70 കോടി രൂപക്ക് തീരുമായിരുന്ന ഒരു പദ്ധതിയാണ് 151 കോടി ചിലവഴിച്ച് നടപ്പിലാക്കിയത്. പ്രസാഡിയോ എന്ന കമ്പനിയുടെ ഇടനില ഒന്ന് കൊണ്ടു മാത്രമാണ് പദ്ധതിയിൽ ഇരട്ടിയിലധികം തുക മുടക്കേണ്ടി വന്നത്. ഇത് കൂടുതൽ വ്യതമാക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കെൽട്രോണോ അല്ലെങ്കിൽ സർക്കാരിന്റെ ഗതാഗത വകുപ്പോ നേരിട്ട് ഉപകരണങ്ങൾ വാങ്ങിയാൽ പകുതി തുക മാത്രം ചിലവാകുമായിരുന്ന സാഹചര്യത്തിലാണ് നല്ലൊരു ശതമാനം തുക പ്രസാഡിയോ എന്ന ചിത്രത്തിലില്ലാത്ത കമ്പനിയുടെ കീശയിലായത്. ട്രോയ്‌സ് എന്ന കമ്പനി അൽ-ഹിന്ദ്, ലൈറ്റ് മാസ്റ്റർ കമ്പനികൾക്ക് 50 കോടി രൂപക്ക് കൊടുക്കാം എന്ന് പറഞ്ഞ അതെ ഉപകരണങ്ങളാണ് ഇ സെൻട്രിക് കമ്പനി മുഖേന ട്രോയ്സിൽ നിന്ന് തന്നെ വാങ്ങി പ്രസാഡിയോ എസ്ആർഐടിക്ക് 75 കോടി രൂപക്ക് മറിച്ച് നൽകിയിരിക്കുന്നത്.
മാത്രമല്ല ക്യാമറയുടെ അറ്റകുറ്റപ്പണികൾ ആറ് കോടി രൂപയ്ക്ക് ചെയ്തു കൊടുക്കാം എന്ന് ട്രോയ്‌സ് പറയുമ്പോൾ 7. 6 കോടി രൂപയാണ് പ്രസാഡിയോ ഇടപെട്ടതോടു കൂടി ഉയർന്നത്. മാത്രമല്ല ഉപകരണങ്ങൾ വാങ്ങിയ വകയിലെ കമ്മീഷന് പുറമേ പദ്ധതിയിലെ ആകെ ചെലവിന് ശേഷമുള്ള 60 ശതമാനം ലാഭവിഹിതവും പ്രസാഡിയോയ്ക്ക് ഉള്ളതാണ്. കൂടാതെ ഇ സെൻട്രിക്കിൽ നിന്ന് എത്ര കോടി രൂപയ്ക്കാണ് പ്രസാഡിയോ ഉപകരണങ്ങൾ വാങ്ങിയതെന്ന് കണക്കുകളും അജ്ഞാതമാണ്. എല്ലാത്തിലുമുപരി ട്രോയ്‌സ് കമ്പനിയിൽ നിന്നുതന്നെ ഉപകരണങ്ങൾ വാങ്ങണം എന്ന് അറിയിച്ചപ്പോൾ ആദ്യഘട്ടത്തിലുണ്ടായിരുന്ന അൽഹിന്ദിന്റെ പിന്മാറ്റവും ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ പ്രകാശ് ബാബുവുമായി ബന്ധമുള്ള കമ്പനിയാണ് പ്രസാഡിയോ എന്ന വിവരങ്ങളും അഴിമതി ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ്. എന്നാൽ എഐ ക്യാമറയുടെ അഴിമതി ആരോപണങ്ങളിൽ നിന്നും സർക്കാർ മറുപടികളില്ലാതെ ഓടിയൊളിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി അടക്കം ഈ വിഷയത്തിൽ മൗനം തുടരുകയുമാണ്. പ്രതിപക്ഷം വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്ന് പറഞ്ഞാണ് സർക്കാരിന്റെ തടി തപ്പൽ. എന്നാൽ പ്രതിപക്ഷം ഉയർത്തുന്ന പ്രവർത്തി പരിചയം ഇല്ലാത്ത കമ്പനികൾക്ക് കരാർ നൽകി എന്തിന് ഇടപാടുകൾ നടത്തി എന്നതിന് സർക്കാരിന് മറുപടിയില്ല. ഇടപാടിനെ സംബന്ധിച്ച് കെൽട്രോൺ പല രേഖകളും പൂഴ്ത്തിവയ്ക്കുമ്പോൾ എഐ ക്യാമറ ഒരു രണ്ടാം ലാവ്‌ലിൻ തന്നെയാണോ എന്ന സംശയങ്ങൾ ഉടലെടുക്കുന്നു.