ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ബൈപാസില്‍ അപകടം. പുലര്‍ച്ചെ തടിയുമായെത്തിയ ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോള്‍ ബൂത്ത് തകര്‍ന്നു. കൊമ്മാടിയില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ ഒന്നാണ് പൂര്‍ണമായും പൊളിഞ്ഞത്. ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ ആരും ഇവിടെ ഉണ്ടായിരുന്നില്ല.
ലോറിക്കായി പോലീസ് അന്വേഷണം തുടങ്ങി. ഉദ്ഘാടന ദിവസം തന്നെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മേല്‍പാലത്തില്‍ അപകടം ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ രണ്ടു കാറുകളും ഒരു മിനി ലോറിയും ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം യാത്ര ചെയ്യാനായി വാഹനങ്ങളുടെ നീണ്ട നിര ഇവിടെ ഉണ്ടായിരുന്നു. ഇരു വശത്തും മണിക്കൂറുകള്‍ കാത്തു കിടന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇതോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പോലീസും ഏറെ പ്രയാസപ്പെട്ടു. ബൈപ്പാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് ഇതിനിടെ പഞ്ചര്‍ ആകുകയും ചെയ്തിരുന്നു.