പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം റദ്ദാക്കുകയും മത്സരിക്കുന്നതിന് ആറ് വർഷത്തേക്ക് അയോഗ്യത കൽപ്പിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അധാർമ്മികമായ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കോൺഗ്രസ് അംഗമായിരുന്ന വ്യക്തിയെ ഇടതുപക്ഷത്തേക്ക് കാലുമാറ്റി പ്രസിഡന്റാക്കിയത് പണവും അധികാരവും ഉപയോഗിച്ച് പ്രലോഭനങ്ങളിലൂടെയാണെന്നും ഇത് നഗ്നമായ കൂറുമാറ്റമാറ്റവും അധികാര ദുർവിനിയോഗവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയിലൂടെ അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കുകയാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
ഇതിന് പിന്നിൽ പ്രവർത്തിച്ച സി.പി.എം ജില്ലാ നേതൃത്വവും കോന്നി എം.എൽ.എയും ജനങ്ങളോട് മാപ്പ് പറയണമെന്ന് സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. ജില്ലയിലൊട്ടാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കുവാൻ ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം.നടത്തിയ നീക്കങ്ങൾക്കുള്ള താക്കീതാണ് കോന്നിയിലും ചിറ്റാറിലും കാലുമാറ്റക്കാർക്കെതിരായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഉണ്ടായ അയോഗ്യതാ വിധിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളിൽ നിന്നും സി.പി.എം ഇനിയെങ്കിലും പിൻമാറണെമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.