കണ്ണൂർ : ലോക്ക്ഡൗൺ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും അനാവശ്യ കാര്യങ്ങൾക്കിറങ്ങി പോലീസിനെ കബളിപ്പിക്കാൻ നോക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ചീട്ടുകളിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ ഇപാസിന് അപേക്ഷ നൽകിയ ആൾ മുതൽ രക്തം നൽകാൻ പോകുന്നു എന്ന് കള്ളം പറഞ്ഞ് റോഡിലിറങ്ങിയവർ വരെയുണ്ട്. ഇനി താക്കീത് ഇല്ല, കടുത്ത നടപടിയാണുണ്ടാവുകയെന്ന് പോലീസ് വ്യക്തമാക്കുന്നു.
യുവ എഞ്ചിനീയർ പോലീസിന്റെ ഇ പാസ് അപേക്ഷിച്ചപ്പോൾ കാരണം എഴുതിയത് കൂട്ടുകാരന്റെ വീട്ടിൽ അത്യാവശ്യമായി പോയി ചീട്ട് കളിക്കണമെന്ന്. തളിപ്പറമ്പ് പോലീസ് 24-കാരനെ കയ്യോടെ പിടികൂടി വിരുതന്റെ ചീട്ട് കീറി. അഴീക്കോട് സ്വദേശി വണ്ടിയുമെടുത്ത് കിലോമീറ്ററുകൾ പോയത് ആട്ടും പാൽ അന്വേഷിച്ച്.
ലോക്ക്ഡൗൺ ആണെങ്കിലും ആരോഗ്യകാര്യത്തിൽ കോംപ്രമൈസില്ലത്രേ. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുമായി ഇറങ്ങിയ ആൾ പോലീസിനെ കണ്ട് പരുങ്ങി. അവസാനം രക്ഷപെടാനായി രക്തം നൽകാൻ ഇറങ്ങിയതാണെന്ന് തട്ടിവിട്ടു.
അങ്ങനെയെങ്കിൽ പോയി രക്തം നൽകി സർട്ടിഫിക്കറ്റുമായി വന്നാലേ വണ്ടി തരൂ എന്നായി പോലീസ്. ആ വഴിക്ക് ഒരു യൂണിറ്റ് എബി പോസിറ്റീവ് രക്തം ബ്ലഡ് ബാങ്കിന് കിട്ടിയത് മിച്ചം. പോലീസിനെ പറ്റിക്കാനായി ഉടായിപ്പ് നമ്പറുകളും ഇറക്കുന്നതിൽ കൂടുതലും യുവാക്കളാണ്. ഓരോ ദിവസവും ആയിരത്തോളം പേരാണ് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതെന്ന് കമ്മീഷണർ പറഞ്ഞു.