കൂത്തുപറമ്പ്: പണവും ടിക്കറ്റും അക്രമി സംഘം തട്ടിയെടുത്തതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു.സതീശനെയാണ് (59) ഇന്നലെ പുലര്‍ച്ചെ കാനത്തുംചിറയിലെ തടിമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പണവും ലോട്ടറിയും മോഷണം പോയെന്ന് പരാതി നല്‍കിയതിന് ശേഷമാണ് സതീശന്‍ ആത്മഹത്യ ചെയ്തത്.
ഭിന്നശേഷിക്കാരനായ സതീശനെ കഴിഞ്ഞ 26നാണ് അക്രമി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തത്. പുലര്‍ച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തിരുന്നുവെന്നും എസ്ബിഐക്കു സമീപമാണ് സംഭവം നടന്നതെന്നും സതീശന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ട് തൊട്ടരികെ വാഹനം നിര്‍ത്തിയ സംഘം മുഖത്ത് മുളക് സ്‌പ്രേ അടിച്ച് ബാഗ് തട്ടിയെടുത്തു. ബോധം നഷ്ടമായ സതീശനെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. ഇതേതുടര്‍ന്ന് സതീശന്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിനു ശേഷം പുറത്തു പോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു സതീശന്‍. അതിനിടെയായിരുന്നു സതീശന്റെ ആത്മഹത്യ.