തിരുവനന്തപുരം : ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിർത്തലാക്കിയ സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്പന വീണ്ടും ആരംഭിച്ചു കഴിഞ്ഞു. സമ്മർ ബമ്പറടക്കമുള്ള എട്ട് ടിക്കറ്റുകളുടെ വില്പനയാണ് പുനഃരാരംഭിച്ചത്. ജൂൺ രണ്ട് മുതലാകും ഇവയുടെ നറുക്കെടുപ്പ് നടക്കുക. അതേസമയം ജൂൺ 1 മുതൽ 30 വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.
പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണമി ആർഎൻ – 436, സമ്മർ ബമ്പർ എന്നിവയാണ് മറ്റിവെച്ച ലോട്ടറി ടിക്കറ്റുകൾ. ഇവ യഥാക്രമം മെയ് 10, 13,16,19, 22, 25, 28, 31 തീയതികളില്‍ നടത്താനിരുന്നവയായിരുന്നു. പുതിയ ടിക്കറ്റുകൾ ജൂലൈ 1 മുതൽ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. അതേസമയം പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202 എന്നീ ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കുമെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. വിൽക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകൾ വീതമുള്ള ബുക്കുകളാകും തിരിച്ചെടുക്കുക. ഈ 3 ടിക്കറ്റുകളുടെ നല്ലൊരു പങ്കും വിറ്റു പോയിരുന്നു. എന്നാൽ പലവട്ടം നറുക്കെുപ്പ് നീട്ടിയതിനാൽ ബാക്കിയുള്ള ടിക്കറ്റുകൾ ഇനി അധികം വിറ്റു പോകാൻ സാധ്യതയില്ലെന്ന് കണ്ടാണ് തിരിച്ചെടുക്കുന്നത്.
ലോട്ടറി ഓഫീസുകളിൽ തിരക്ക് നിയന്ത്രിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റയക്ക, ഇരട്ടയക്ക നമ്പർ നിയന്ത്രണം ഏർപ്പെടുത്തും. ഏജൻസി നമ്പറിലെ അവസാനത്തെ അക്കമാണ് നോക്കേണ്ടത്. ഒന്നാം ദിവസം 1,2,3 ഉം രണ്ടാം ദിവസം 4, 5, 6 ഉം മൂന്നാം ദിവസം 7,8,9 എന്നീ അക്കങ്ങള്‍ അനുസരിച്ച് ഏജന്‍റുമാരെ പ്രവേശിപ്പിക്കുന്ന പരിഷ്കാരവും തിരഞ്ഞടുക്കാം. ഇതില്‍ ഏത് വേണമെന്ന് അതത് ഓഫീസുകള്‍ക്ക് തിരഞ്ഞെടുക്കാം. മെയ് 18 മുതൽ ലോട്ടറി വിൽപ്പന തുടങ്ങുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും മുടങ്ങിയ ലോട്ടറികൾ വിൽക്കുന്നതിലെ ആശയക്കുഴപ്പം കാരണം തീരുമാനം മാറ്റിയിരുന്നു. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി കച്ചവടക്കാർക്ക് 100 ടിക്കറ്റുകൾ വരെ കടമായി നൽകും. ഈ തുക ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും.