മൂവാറ്റുപുഴ : ലോട്ടറി വില്‍പനക്കാരിയായ വീട്ടമ്മയില്‍ നിന്നും നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. വാളകം കുന്നയ്ക്കാല്‍ വെണ്‍മേനി വീട്ടില്‍ കനകമ്മ ശങ്കരനെയാണ് നമ്പര്‍ തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി അയ്യായിരം രൂപ തട്ടിച്ചത്. 2500 രൂപയും 2500 രൂപയുടെ ടിക്കറ്റും ആണ് തട്ടിയെടുത്തത്.
23ന് നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റിലാണ് തിരുത്തല്‍ വരുത്തി നല്‍കിയത്. 778971 എന്ന നമ്പര്‍ ലോട്ടറിക്ക് 5000 രൂപയുടെ സമ്മാനം അടിച്ചിരുന്നു. എന്നാല്‍ 778974 നമ്പറിലുള്ള ലോട്ടറിയുടെ അവസാനത്തെ 4 ചുരണ്ടി 1 ആക്കി തിരുത്തിയാണ് തട്ടിപ്പു നടത്തിയത്. ചൊവ്വാഴ്ച പെരുവംമൂഴിയില്‍ ലോട്ടറി വില്‍ക്കുകയായിരുന്ന കനകമ്മയെ സമീപിച്ചയാള്‍ അയ്യായിരം രൂപ ലോട്ടറി അടിച്ചിട്ടുണ്ടെന്നും സമ്മാന തുകയുടെ പകുതി പണമായും പകുതി തുകയുള്ള ലോട്ടറിയായും തന്നാല്‍ മതിയെന്നു പറയുകയായിരുന്നു.
2500 രൂപയ്ക്ക് ലോട്ടറി എടുക്കാമെന്നു കൂടി പറഞ്ഞതോടെ ഇവര്‍ ടിക്കറ്റ് വാങ്ങി പണവും ലോട്ടറിയും നല്‍കുകയായിരുന്നു. നിര്‍ധന കുടുംബത്തില്‍ പെട്ട ഇവര്‍ പെരുവംമൂഴി, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ചാണ് ലോട്ടറി വില്‍പന നടത്തുന്നത്.