ആലുവ: കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ പന്ത്രണ്ടുകാരിയെ കണ്ടെത്തിയതിന് പിന്നാലെ നിർണായക വിവരങ്ങൾ വെളിപ്പെടുത്തി പൊലീസ്. കൂടെയുണ്ടായിരുന്ന യുവാക്കളിലൊരാൾ പെൺകുട്ടിയുടെ കാമുകനാണ്. രണ്ടുവർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എടയപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ മകളെയാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കാണാതായത്. സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പരിസരവാസികൾ മൊഴി നൽകിയിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നടന്നുപോകുന്ന പെൺകുട്ടിയെ രണ്ട് പേർ പിന്തുടരുന്നതായി കണ്ടെത്തി.പൊലീസ് അന്വേഷണം നടക്കുന്നതിനിടെ രാത്രി പെൺകുട്ടി മാതൃസഹോദരിയെ ഫോൺ വിളിച്ച് സുഹൃത്തിനൊപ്പം പോകുകയാണെന്ന് അറിയിച്ചു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിലെ അന്യ സംസ്ഥാനതൊഴിലാളി ക്യാമ്പിൽ നിന്ന് പെൺകുട്ടിയെയും മറ്റ് മൂന്ന് പേരെയും കണ്ടെത്തുകയായിരുന്നു. യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.