കഴിഞ്ഞ വർഷം ആപ്പിൾ വിപണിയിലെത്തിച്ച രണ്ടാം തലമുറ ഐഫോൺ എസ്ഇക്ക് ഫ്ലിപ്കാർട്ടില്‍ വലിയ വിലക്കിഴിവ്. 39,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത എസ്.ഇയുടെ 64 ജിബി വകഭേദം അതിന്റെ പകുതിയോളം വിലയ്ക്കാണ് ലഭ്യമാവുക. എൻട്രി ലെവൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് ഇതോടെ ലഭ്യമാകുന്നത്.
ഐഫോൺ 13 ലോഞ്ചിന് മുമ്പ് 32,999 രൂപയ്ക്ക് എസ്ഇ ലഭ്യമായിരുന്നു. എന്നാൽ ഓഫർ വിൽപ്പനയിൽ 24,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ അതിനൊപ്പം 10 ശതമാനം ബാങ്ക് ഡിസ്കൗണ്ടും ചേരുന്നതോടെ ഫോണിന്റെ വില 23,499 രൂപയാകും. ആക്സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എസ്.ഇ വാങ്ങുമ്പോഴാണ് 1,500 രൂപ കൂടി കുറയുന്നത്.
ഐഫോൺ എസ്.ഇയുടെ 128 ജിബി വകഭേദത്തിന് 27,999 രൂപയായിരിക്കും വില. 4.7 ഇഞ്ച് മാത്രം സ്ക്രീൻ വലിപ്പമുള്ള എസ്.ഇ ചെറിയ ഫോണുകൾ താൽപര്യമുള്ളവർക്ക് ഏറ്റവും മികച്ച ചോയ്സാണ്. ആപ്പിളിന്റെ എ 13 ബയോണിക് ചിപ്പാണ് എസ്.ഇക്ക് കരുത്ത് പകരുന്നത്. 12 എം പിയുള്ള ബാക് കാമറ 7 എം പിയുള്ള മുൻകാമറയുമാണ് ഫോണിലുള്ളത്.