തിരുവനന്തപുരം: കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രം ഈടാക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെപിസിസിയുടെ നിർദേശം. ഇതിനായുള്ള പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ, പെര്‍മിറ്റ്, ലേ ഔട്ട്, സ്‌ക്രൂട്ടിനി എന്നിവയ്ക്കുള്ള ഫീസ് വര്‍ധിപ്പിച്ചത് സർക്കാർ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം പാസാക്കണമെന്നും കെപിസിസി നിർദേശിച്ചു.
സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ അധിക നികുതികള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അതിന് അനുമതി നിഷേധിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെപിസിസി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നികുതി പരിഷ്കരണം ജനങ്ങള്‍ളിൽ വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെട്ടിട നികുതി വര്‍ധനവ് പൊതുജനങ്ങളെ മാത്രമല്ല വാണിജ്യ-വ്യവസായ സര്‍വീസ് മേഖലകളെയും ഒരുപോലെ ബാധിക്കുന്നത്. ഇതിന് ആശ്വാസം നല്‍കാനാണ് കോണ്‍ഗ്രസ് ഈ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ ഈടാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതിക്ക് ഉണ്ടെന്നും കെപിസിസി വൃക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തില്‍ വരുംവർഷത്തിൽ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയത്തിലും റേറ്റിങ്ങിലും നികുതി പിരിവ് കൂടി പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഉയര്‍ന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാരും മന്ത്രിയും നല്‍കുന്ന ഒരു അവാര്‍ഡും കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമില്ലെന്നും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്വാസ നടപടികള്‍ക്കും പൊതുജനം നല്‍കുന്ന അംഗീകാരം മാത്രം മതിയെന്നും കെപിസിസി വ്യക്തമാക്കി.