പത്തനംതിട്ട: പോപ്പുലർ ഫൈനാൻസിയേഴ്‌സ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് നിയമ ഉപദേശം നൽകുന്നതിനും സമരപരിപാടികൾ ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിനുമായി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 15ന് (ചെവ്വ) ഉച്ചയ്ക്ക് 2ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നിക്ഷേപകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പോപ്പുലർ ഹെൽപ്പ്‌ലൈൻ കോ ഓർഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ അറിയിച്ചു.
കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ശാഖകളും പതിനായിരക്കണക്കിന് നിക്ഷേപകരും ഉണ്ടായിരുന്ന പോപ്പുലർ ഫൈനാൻസിയേഴ്‌സ് ആസൂത്രിതമായി ഗൂഢാലോചനയിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് നിക്ഷേപകരെ വഞ്ചിച്ചിരിക്കുകയാണെന്നും പണം നഷ്ടപ്പെട്ട ഇരകൾ എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായ അവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിൽ ഇവരെ സഹായിക്കുന്നതിനും അന്വേഷണം സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സമര പരിപാടികൾ ആരംഭിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനായിട്ടാണ് ഡിസിസി നേതൃയോഗത്തിന്റെ തീരുമാന പ്രകാരം നിഷേപകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് കോ ഓർഡിനേറ്റർമാർ അറിയിച്ചു.
തട്ടിപ്പിന് ഇരയായവർക്ക് അതാത് പോലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകുവാനും പരാതികളിൽ വ്യത്യസ്ത എഫ്‌ഐആർ തയ്യാറാക്കുവാനും ശ്രമിക്കാതെ കോന്നിയിൽ മാത്രം പരാതി സ്വീകരിക്കുകയും ഒരു കേസ് മാത്രം രജിസ്റ്റർ ചെയ്ത് മറ്റ് പരാതിക്കാരെ സാക്ഷികളാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന പോലീസ് നടപടി പോപ്പുലർ ഫൈനാൻസിയേഴ്‌സ് ഉടമകൾക്ക് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെടുവാൻ വഴിയൊരുക്കുന്നതിനാണെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.
അന്തർ സംസ്ഥാന വിദേശ ബന്ധങ്ങളുള്ള പോപ്പുലർ നിക്ഷേപ തട്ടിപ്പിൽ സംസ്ഥാന പോലീസിന്റെ അന്വേഷണം ഫലപ്രദമാകാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി തട്ടിപ്പിന് ഇരയായവർക്ക് മടക്കി ലഭ്യമാക്കുവാൻ ഉന്നതതല ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും ഡിസിസി അഭിപ്രായപ്പെട്ടു.
നിക്ഷേപകരുടെ കൂട്ടായ്മയിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിലെ അംഗങ്ങൾ പങ്കെടുത്ത് നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടിയും ഉടമകൾക്ക് എതിരെ കേസ് ഫയൽ ചെയ്യുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങളും നൽകുമെന്ന് സാമുവൽ കിഴക്കുപുറവും, എബ്രഹാം മാത്യു പനച്ചയിലും അറിയിച്ചു. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ 9446034830, 9447101000 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.