കൊൽക്കത്ത: അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റൺസിന് തോൽപിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ലഖ്‌നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കെകെആർ പോരാട്ടം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234ൽ അവസാനിച്ചു. രവി ബിഷ്‌ണോയി എറിഞ്ഞ 20ാം ഓവറിൽ വിജയത്തിന് 24 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തക്ക് 19 റൺസെടുക്കാനേ സാധിച്ചുള്ളൂ. 61 റൺസ് നേടിയ ക്യാപ്റ്റൻ അജിൻങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർസ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടിറിങ്ങിയ നിലവിലെ ചാമ്പ്യൻമാർക്ക് ഓപ്പണിങിൽ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.
ആദ്യ ഓവർ മുതൽ തകർത്തടിച്ച ക്വിന്റൻ ഡി കോക്കും സുനിൽ നരെയ്‌നും അതിവേഗം റൺസുയർത്തി. എന്നാൽ സ്‌കോർ 37ൽ നിൽക്കെ ഡി കോക്കിനെ(15) വിക്കറ്റിന് മുന്നിൽകുരുക്കി ആകാശ്ദീപ് സന്ദർശകർക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അജിൻക്യ രഹാനെ-സുനിൽ നരെയ്ൻ സഖ്യം പ്രതീക്ഷയിലേക്ക് ബാറ്റുവീശി. പവർ പ്ലേ അവസാനിക്കുമ്പോൾ ടീം സ്‌കോർ 90ൽ തൊട്ടു. എന്നാൽ അപകടകാരിയായ സുനിൽ നരെയിനെ(30) ആദ്യഓവറിൽ തന്നെ മടക്കി ദിഗ്വേഷ് രാതി ലക്‌നൗവിനെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു.
എന്നാൽ രഹാനെ-വെങ്കടേഷ് അയ്യർ സഖ്യം തകർത്തടിച്ചതോടെ ഗ്യാലറി വീണ്ടും ആവേശത്തിലായി. എന്നാൽ ഷർദുൽ താക്കൂറിന്റെ ഓവറിൽ നിക്കോളാസ് പുരാന് ക്യാച്ച് നൽകി(35 പന്തിൽ 61) രഹാനെ മടങ്ങിയതോടെ കെകെആർ പോരാട്ടം അവസാനിച്ചു. തൊട്ടുപിന്നാലെ വെങ്കടേഷ് അയ്യരും(45) പുറത്തായി. അവസാന ഓവറുകളിൽ റിങ്കു സിങ് നടത്തിയ തകർപ്പൻ പ്രകടനവും(15 പന്തിൽ 38) ടീമിന്റെ രക്ഷക്കെത്തിയില്ല. നേരത്തെ നിക്കോളാസ് പുരാന്റേയും(36 പന്തിൽ 87) മിച്ചെൽ മാർഷിന്റേയും അർധ സെഞ്ച്വറി മികവിലാണ് ലഖ്‌നൗ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.