ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ കോടതി വളപ്പിനുള്ളില്‍ നടന്ന സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുന്‍ പോലീസുകാരനെന്ന് കണ്ടെത്തല്‍. ജയില്‍പ്പുള്ളിയായിരുന്ന ഗഗന്‍ദീപ് സിംഗ് ആണ് കൃത്യം നടത്തിയത്. ലഹരിമരുന്ന് കേസിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇതേതുടര്‍ന്ന്, 2019-ല്‍, ഇയാളെ സംസ്ഥാന പോലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ടു മാസം മുന്‍പ് മാത്രമാണ് പ്രതി ജയിലില്‍ നിന്നിറങ്ങിയത്.
സ്ഫോടനത്തില്‍ മരിച്ച ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍, ലോക്കല്‍ പോലീസിന് പുറമേ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെയാണ് ലുധിയാനയിലെ നഗരമദ്ധ്യത്തിലുള്ള കോടതിവളപ്പില്‍ സ്ഫോടനം നടന്നത്. രണ്ടാം നിലയിലെ ബാത്റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് മൂന്ന് നിലകളിലെ ചുമരുകളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകര്‍ന്നു.