ഹൈദരാബാദ്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 ടേക്ക് ഓഫ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്.
വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറങ്ങി. അതേസമയം, സംഭവത്തേക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല. വിമാന സര്‍വീസ് തിങ്കളാഴ്ചത്തേക്ക് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും താമസസൗകര്യം ഒരുക്കിത്തന്നിരുന്നെന്നും ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദിലെ അമ്മയെ സന്ദര്‍ശിക്കാനായിരുന്നു ഇവര്‍ ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. വിമാനം ഹൈദരാബാദില്‍ ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നും ഇതേ വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് യാത്ര പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.