തിരുവനന്തപുരം : തിരുവനന്തപുരത്തെ ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ലുലു മാളിലെ സെന്‍ട്രല്‍ ഹാളില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടനം. ലുലുഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, യു.എ.ഇയിലെ വിദേശവ്യാപാര വകുപ്പ് മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയോദി, ഡോ. ശശി തരൂര്‍ എം.പി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബാന, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുജനങ്ങള്‍ക്ക് നാളെ മുതലാണ് പ്രവേശനം. രാവിലെ ഒമ്പത് മുതല്‍ മാളിന്റെ പ്രവര്‍ത്തനം ആരംഭിക്കും. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റും കുട്ടികള്‍ക്കായി ഗെയിംസ്, 12 സിനിമാ തിയേറ്ററുകള്‍ എന്നിവയും വിനോദ സൗകര്യങ്ങളും 2500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ്കോര്‍ട്ട് സൗകര്യങ്ങളും മാളിന്റെ പ്രത്യേകതയാണ്.