റാന്നി: ബഹിരാകാശത്തെ അത്ഭുത കാഴ്ചകളുടെ വിസ്മയ വിരുന്നൊരുക്കി എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്രദിനാഘോഷം. ചാന്ദ്രദിനാ ഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിലൊരുക്കിയ പ്ലാനറ്റോറിയമാണ് കുട്ടികൾക്ക് കൗതുകവും ജിജ്ഞാസവും സമ്മാനിച്ച് അതിരുകളില്ലാത്ത ബഹിരാകാശ കാഴ്ചകളിലൂടെ കൈ പിടിച്ചു നടത്തിയത്. സൗരയൂഥo, ബഹിരാകാശ ദൃശ്യങ്ങൾ, നക്ഷത്രങ്ങളുടെ ജനനം, മരണം, തമോ ഗർത്തങ്ങൾ, വാൽ നക്ഷത്രങ്ങൾ, ധൂമകേതുക്കൾ, ബഹിരാകാശ പര്യവേഷണങ്ങൾ തുടങ്ങി പ്രപഞ്ചത്തിലെ വിസ്മയങ്ങളും കൗതുക കാഴ്ചകളും 3ഡി സംവിധാനത്തിലായിരുന്നു പ്ലാനറ്റോറിയത്തിൽ ഒരുക്കിയത്. ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സദ്ഭവ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ സഹകരണത്തോടെയാണ് വിദ്യാലയത്തിൽ പ്ലാനറ്റോറിയം അണിയിച്ചൊരുക്കിയത്. ആറു മീറ്റർ ഉയരവും പത്തു മീറ്റർ വ്യാസവുമുള്ള അർദ്ധ വൃത്താകൃതിയിലുള്ള കൂടാരമാണ് പ്ലാനറ്റോറിയമായി രൂപകല്പന ചെയ്തത്.
360 ഡിഗ്രി കാഴ്‌ച ലഭിക്കുന്ന വിധത്തിലാണ് പ്രൊജക്ടർ സംവിധാനം. ഡി. ടി. എസ്. ശബ്ദ സംവിധാനവും ഫിഷ് ഐ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ദൃശ്യസംവിധാനവുമാണ് പ്ലാനറ്റോറിയത്തിൽ ക്രമീകരിച്ചിരുന്നത്. ജ്യോതി ശാസ്ത്രത്തിൽ കുട്ടികൾക്ക് കൂടുതൽ അറിവ് നേടുന്നതിനും താല്പര്യം ജനിപ്പിക്കുന്നതിനുമാണ് വിദ്യാലയത്തിലെ ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി പ്ലാനറ്റോറിയം ഒരുക്കിയത്. പ്ലാനറ്റോറിയം പ്രദർശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ, മഞ്ജു രാജ്, ഫെമി ഹേമന്ത് എന്നിവർ പ്രസംഗിച്ചു.