കോഴിക്കോട് : ലോക്ക്ഡൗണില്‍ പിക്കറ്റ് പോസ്റ്റിലുണ്ടായ പോലീസുകാര്‍ ഊണ് കഴിക്കാന്‍ പോയതിന് മെമ്മോ ! കോഴിക്കോട് സിറ്റി പോലീസിലെ ചേവായൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള പിക്കറ്റ് പോസ്റ്റിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്കാണ് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയത്.
തിരക്ക് താരതമ്യേന കുറവായ ഉച്ച സമയത്ത് പിക്കറ്റ് പോസ്റ്റില്‍ നാലുപേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ തൊട്ടടുത്തുള്ള ക്യാമ്പില്‍ ഭക്ഷണം കഴിക്കാനായി പോയി. പിക്കറ്റ് പോസ്റ്റില്‍ ഒരാളെ മാത്രം കണ്ടതോടെ കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് പോലീസുകാര്‍ പോയതെന്നും പൊതുവെ തിരക്കില്ലാത്തതിനാല്‍ വാഹന പരിശോധനയെ ബാധിച്ചിരുന്നില്ലെന്നുമാണ് പോലീസുകാര്‍ പറയുന്നത്. ഇക്കാര്യം വ്യക്തമായിട്ടും പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി മെമ്മോ നല്‍കിയതില്‍ പോലീസുകാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
വെയിലും മഴയും പോലും വകവെയ്ക്കാതെയാണ് കോവിഡ് ഭീതിക്കിടയിലും പോലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്നത്. വാഹനപരിശോധനയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥര്‍ ഇടക്കിടെ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയിലുള്ളവര്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.
പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുമ്പോള്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയും നേരില്‍ കണ്ട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലും ചിലരെ പോലീസിന്റെ പാസ് കൂടാതെയും മറ്റും കടത്തിവിടാറുണ്ട്. എന്നാല്‍ അത്തരത്തില്‍ യാതൊരു ഇളവും വേണ്ടെന്നാണ് നിര്‍ദേശം. കൂടാതെ ഓരോ വാഹനവും തടഞ്ഞുനിര്‍ത്തി വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇത് പലപ്പോഴും യാത്രക്കാരുടെ സമയനഷ്ടത്തിന് കാരണമാവുന്നുണ്ട്. ഇപ്രകാരം പരിശോധന നടത്തിയിട്ടില്ലെങ്കിലും പിക്കറ്റ് പോസ്റ്റിലുള്ളവര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചത്. ഇത്തരത്തിലുള്ള മാനസിക സമ്മര്ദ്ദങ്ങള്ക്കിടിയിലാണ് പോലീസുകാര്‍ കോവിഡ് കാലത്തും സജീവമായി രംഗത്തുള്ളത്. കോവിഡ് പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ക്വാറന്റൈന് പോലും അനുവദിക്കാതെയാണ് ഡ്യൂട്ടിക്കായി വിന്യസിപ്പിക്കുന്നത്. ഈ സാഹചര്യത്തിലും ജോലി ചെയ്യുന്ന പോലീസുകാര്‍ക്കെതിരേ നിസാര സംഭവത്തിന് പോലും നടപടി സ്വീകരിക്കുന്നതിനെതിരേ സേനയില്‍ പ്രതിഷേധം ശക്തമാണ്.