പത്തനംതിട്ട : സ്ത്രീധനം എന്ന മഹാ വിപത്തിനെ അകറ്റി നിർത്താൻ കഴിയാത്തവർ മുസ്ലിം സമുദായത്തിൽ വർദ്ധിച്ചു വരുന്നതായും ഇത് സമുദായത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ത്രീധന സംസ്കാരം സമുദായത്തെ എത്രമാത്രം ഗ്രഹിച്ചിരിക്കുന്നു എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുവ ഡോക്ടറുടെ ആത്മഹത്യ. സ്ത്രീധനം വാങ്ങി ഏതെങ്കിലും ഒരു വ്യക്തി സമ്പന്നനായ ചരിത്രമില്ല. എന്നാൽ സ്ത്രീധനം വാങ്ങിയതിന്റെ പേരിൽ ആത്മാഭിമാനം നഷ്ടപ്പെട്ട പ്രതിസന്ധി നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്ന നിരവധിപേരെ സമൂഹത്തിൽ കാണാൻ കഴിയും. ആത്മീയ വിദ്യാഭ്യാസത്തിന്റെയോ ഭൗതിക വിദ്യാഭ്യാസത്തിന്റെയോ ബോധവൽക്കരണത്തിന്റെയോ കുറവുകൊണ്ടല്ല മറിച്ച് പണത്തിനോടുള്ള ആർത്തിയാണ് സ്ത്രീധനം വാങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്.
സ്ത്രീധനം വാങ്ങില്ല എന്ന നിലപാട് എടുക്കാൻ യുവാക്കൾക്കോ സ്ത്രീധനം വാങ്ങുന്നവനെ വിവാഹം കഴിക്കില്ല എന്ന നിലപാട് എടുക്കാൻ യുവതികൾക്കോ കഴിയാത്തത് ഖേദകരമാണ്. ഈ ആധുനികലോകത്തും അന്യന്റെ മുതലിനായുള്ള അടങ്ങാത്ത അഭിനിവേശം അപമാനകരമാണ്. രാജ്യത്ത് സ്ത്രീധനവിരുദ്ധ നിയമങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിലെ കാലതാമസവും വൈമനസ്യവും ഇത്തരക്കാർക്ക് ഏറെ ഗുണകരമാകുന്നുണ്ട്. സ്ത്രീധന രഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീധനം വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും സർക്കാർ മുൻകൈയെടുക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച് അബ്ദുറസാഖ്, രക്ഷാധികാരി സി എച്ച് സൈനുദ്ദീൻ മൗലവി, എം എച്ച് അബ്ദുറഹീം മൗലവി, ട്രഷറർ രാജാക്കരീം, സാലി നാരങ്ങാനം, ഷാജി പന്തളം, അൻസാരി ഏനാത്ത് അബ്ദുൽ ലത്തീഫ് മൗലവി റാസി മൗലവി, എന്നിവർ പങ്കെടുത്തു.