ചെന്നൈ: സെക്രട്ടേറിയറ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. മന്ത്രി ബാലാജി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പിന്നെ എന്തിന് സെക്രട്ടേറിയറ്റില്‍ കയറി എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. സെക്രട്ടേറിയറ്റില്‍ കയറിയതോടെ റെയ്ഡിന്റെ രാഷ്ട്രീയ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയമായി നേരിടാന്‍ പറ്റാത്തതിനാല്‍ ഇഡിയെ വച്ച് വിരട്ടാനാണ്ശ്രമം നടത്തുന്നത്. ബിജെപി വിരട്ടാന്‍ നോക്കിയാല്‍ വിജയിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിലെ ബാലാജിയുടെ ഓഫീസ് മുറിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് ഫെഡറലിസത്തിന് കളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ക്കുന്നവരോട് പ്രതികാരം ചെയ്യുകയാണ് ബിജെപി. അവര്‍ക്കറിയാവുന്ന ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.