പത്തനംതിട്ട: സ്വന്തമായി വീടില്ലാതെ കൊടുമൺ പ്ലാന്റേഷനിലെ ലയത്തിൽ താമസിച്ചിരുന്ന മണികണ്ഠൻ നായർ മൂന്ന് കുടുംബങ്ങൾക്ക് ഭൂമി വീതിച്ചു നൽകിയപ്പോൾ മണികണ്ഠൻ നായർക്കും കുടുംബത്തിനും തണലൊരുങ്ങി. സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ പണിത് നൽകുന്ന 171-മത്തെ സ്നേഹവീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര താരം അഞ്ജു കുര്യൻ നിർവ്വഹിച്ചു. മണികണ്ഠൻ നായർക്കും കുടുംബത്തിനുമാണ് ഷിക്കാഗോ ഫ്രണ്ട്‌സ് ആർ അസ് അംഗം ജേക്കബിന്റെ സഹായത്തോടെയാണ് ഈ വീട് പണിതു നല്‍കിയത്.
മണികണ്ഠൻ ഒരു വർഷത്തിന് മുൻപ് മരം തലയിൽ വീണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിരുന്നു. അവിടെവെച്ച് പ്ലസ് വൺ വിദ്യാർത്ഥിയായ മകൻ വിഷ്ണു മറ്റുള്ളവരുടെ ദുരിതം നേരിട്ടുകണ്ടതിനെ തുടര്‍ന്ന് സ്വന്തം സ്ഥലം വീടില്ലാത്തവര്‍ക്ക് കൊടുക്കണം എന്ന ആഗ്രഹം സുനില്‍ ടീച്ചറെ അറിയിക്കുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത തന്റെ കുടുംബത്തിന്റെ അവസ്ഥയും ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സുനില്‍ ടീച്ചർ രണ്ട് മുറികളും, ഹാളും, അടുക്കളയും, സിറ്റൗട്ടും, ബാത്റൂമും അടങ്ങിയ സുരക്ഷിത ഭവനം അവര്‍ക്ക് ഒരുക്കി നൽകുകയായിരുന്നു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, വാർഡ് മെമ്പർ സജിത.എസ്, കെ.പി.ജയലാൽ, അനു കുര്യൻ, സന്തോഷ്. എം.സാം എന്നിവർ പങ്കെടുത്തു.