കൊച്ചി : സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബര്‍ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശിവശങ്കറിന് സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് എക്‌സ്റ്റെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഈ കേസില്‍ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഇതിനുപുറമെ ശിവശങ്കര്‍ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തില്‍ പല വിവരങ്ങളും സ്വപ്‌നയുമായി പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ പുറത്തുവിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണവുമായി ഇപ്പോഴും ശിവശങ്കര്‍ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. എങ്കില്‍ മാത്രമേ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.